ഇരട്ടകളായ അമലയ്ക്കും അനിലയ്ക്കും മിന്നു ചാര്‍ത്തി ഇരട്ട സഹോദരങ്ങള്‍; തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയതാകട്ടെ ഇരട്ട വൈദികരും; കൗതുകമായി പേരാമ്പ്രയിലെ കല്യാണം

അമല സൗദിയിലും അനില ബംഗളൂരുവിലും നഴ്‌സുമാരായി ജോലി ചെയ്യുന്നു. ആനന്ദും അജിത്തും ചങ്ങനാശേരിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാണ്.

കോഴിക്കോട്: വ്യത്യസ്തത പുലര്‍ത്തി പല കല്യാണങ്ങളും നാം കണ്ടിട്ടുണ്ട്. ആ വ്യത്യസ്തതകള്‍ നാം തന്നെ കൊണ്ടു വരുന്നതാണ്. എന്നാല്‍ കല്യാണത്തിലെ വ്യത്യസ്തത അറിയാതെ വന്നാലോ..? അങ്ങനെയൊരു കല്യാണം കോഴിക്കോട് പേരാമ്പ്രയില്‍ നടന്നു. യാദൃശ്ചികമായി വന്ന ആ വ്യത്യസ്തതയാണ് ഇന്ന് സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്നത്.

ഇരട്ട സഹോദരങ്ങളുടെ കല്യാണമായിരുന്നു അത്. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശിനികളായ അമലയ്ക്കും അനിലയ്ക്കും മിന്നു ചാര്‍ത്തിയത് ഇരട്ട സഹോദരങ്ങളായ ആനന്ദും അജിത്തുമാണ്. ഇരുവരും പേരാമ്പ്ര സ്വദേശികളാണ്. ഇതില്‍ എന്ത് വ്യത്യസ്ത എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ മറ്റൊന്നാണ് ആ കല്യാണത്തെ കളറാക്കിയത്. കല്യാണത്തിന്റെ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിച്ചത് ഇരട്ട വൈദികന്മാരാണ്. മൂവരും ഇരട്ടകളായതോടെ വ്യത്യസ്തത എന്നല്ലാതെ എന്ത് പറയാന്‍.

ചങ്ങനാശേരി അതിരൂപതയിലെ ഇരട്ട വൈദികരായ ജെന്നിയും ജസ്റ്റിനുമാണ് വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. വരന്മാരുമായുള്ള മുന്‍ പരിചയമാണ് ആലപ്പുഴ പുളിംകുന്ന് കണ്ണാടി സ്വദേശികളായ വൈദികരെ പേരാമ്പ്രയിലെത്തിച്ചത്. അമല സൗദിയിലും അനില ബംഗളൂരുവിലും നഴ്‌സുമാരായി ജോലി ചെയ്യുന്നു. ആനന്ദും അജിത്തും ചങ്ങനാശേരിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാണ്.

Exit mobile version