അതിഥികള്‍ ഇല്ല, മാസ്‌ക് ധരിച്ച് വരനും വധുവും; വിവാഹത്തിന് കരുതി വെച്ച തുക പാവപ്പെട്ടവര്‍ക്കും നല്‍കി, വ്യത്യസ്തമായി ബംഗാളിലെ ഒരു മാംഗല്യം

കൊല്‍ക്കത്ത: കൊറോണ കാലത്ത് പല മാതൃകാ വിവാഹങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 10 പേര്‍ മാത്രം പങ്കെടുത്തും ചെലവുകള്‍ ചുരുക്കിയും നിരവധി വിവാഹങ്ങളാണ് ലോക്ക് ഡൗണ്‍ കാലത്ത് നടന്നിട്ടുള്ളത്. ഓണ്‍ലൈനിലൂടെയും വിവാഹം നടത്തിയവരും കുറവല്ല. ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ നടത്തിയ ഒരു വിവാഹമാണ് ചര്‍ച്ചയാവുന്നത്.

ഭീതിയും ആശങ്കയും പരത്തുന്ന കൊറോണക്കാലത്ത് സര്‍ക്കാരിന്റെ എല്ലാ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും പാലിച്ചു കൊണ്ടായിരുന്നു വിവാഹം നടത്തിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുള്‍പ്പെടെ 15 പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. വരനും വധും മാസ്‌ക് ധരിച്ചാണ് വിവാഹിതരായത്. ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റ് നടത്തുന്ന സൗരവ് കര്‍മാകറും സ്വാതി നാഥുമാണ് സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ച് വിവാഹിതരായത്. ലോക്ക് ഡൗണില്‍ ഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ സ്വാതിയുടെ അമ്മയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.

മാസ്‌ക് ധരിക്കാതെ എത്തിയവരോട് മാസ്‌ക് ധരിക്കാനും കുടുംബം ആവശ്യപ്പെട്ടു. വിവാഹം നടത്തിയ പുരോഹിതനും മാസ്‌ക് ധരിച്ചതും ശ്രദ്ധേയമായി. ഇതിനു പുറമെ, വിവാഹ ആവശ്യങ്ങള്‍ക്കായി കരുതിയിരുന്ന 31000 രൂപ ഇവര്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്നതിലേക്ക് പ്രാദേശിക ക്ലബ്ബിന് സംഭാവനയും നല്‍കി.

Exit mobile version