രൂക്ഷ വിമര്‍ശനങ്ങളും ഒറ്റപ്പെടുത്തലും സഹിക്കാനാകുന്നില്ല; വാവ സുരേഷ് പാമ്പുപിടുത്തം നിര്‍ത്തുന്നു

സമൂഹമാധ്യമങ്ങളിലും അല്ലാതെയും തനിക്കെതിരെയുള്ള രൂക്ഷ വിമര്‍ശനങ്ങളും ഒറ്റപ്പെടുത്തലും സഹിക്കാനാകാതെയാണ് പാമ്പുപിടിത്തം നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് ട്വന്റിഫോര്‍ ജനകീയ കോടതിയില്‍ അറിയിച്ചു

തിരുവനന്തപുരം: പ്രമുഖ പാമ്പുപിടിത്തക്കാരനായ വാവ സുരേഷ് പാമ്പുപിടിത്തം നിര്‍ത്തുന്നു. സമൂഹമാധ്യമങ്ങളിലും അല്ലാതെയും തനിക്കെതിരെയുള്ള രൂക്ഷ വിമര്‍ശനങ്ങളും ഒറ്റപ്പെടുത്തലും സഹിക്കാനാകാതെയാണ് പാമ്പുപിടിത്തം നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് ട്വന്റിഫോര്‍ ജനകീയ കോടതിയില്‍ അറിയിച്ചു.

കഴിഞ്ഞ ഇരുപത്തൊമ്പത് വര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാലയുള്‍പ്പെടെ അരലക്ഷത്തോളം പാമ്പകളെ രക്ഷിച്ച ശേഷമാണ് വാവ സുരേഷ് പാമ്പുപിടുത്തം മതിയാക്കുന്നത്.

അമ്മയും സഹോദരിയും ഇപ്പോള്‍ തനിക്ക് വിലപ്പെട്ടതായി തോന്നുന്നു. ഇനിയുള്ള കാലം അമ്മയെ ശുശ്രൂഷിച്ച് കുടുംബത്തോടൊപ്പം മുഴുവന്‍ സമയം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും മേസ്തിരിപ്പണി ചെയ്ത് ശിഷ്ടകാലം കഴിയുമെന്നും സുരേഷ് വ്യക്താമാക്കി.

ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് പ്രകാരം പാമ്പുകളെ പിടിക്കാനോ സംരക്ഷിക്കാനോ ഒരു സംഘടനയ്ക്കും അനുവാദം നല്‍കാറില്ലെന്ന് സുരേഷ് പറഞ്ഞു. താന്‍ അശാസ്ത്രീയമായി പാമ്പുകളെ പിടിക്കുന്നു, വെനം മാഫിയകള്‍ക്ക് പാമ്പിന്റെ വെനം വില്‍ക്കുന്നു എന്നുള്ള ആരോപണങ്ങളൊക്കെ തെറ്റായ കാര്യങ്ങള്‍ ആണെന്നും വിമര്‍ശനങ്ങളെ തുടര്‍ന്നാണ് പാമ്പുപിടുത്തം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്നും വാവ സുരേഷ് വ്യക്തമാക്കി.

ഒന്നും ആഗ്രഹിക്കാതെയായിരുന്നു താന്‍ പ്രവര്‍ത്തിച്ചത്. പക്ഷേ ഒറ്റപ്പെടുത്തലുകള്‍ ഒരു പരിധിയ്ക്ക് അപ്പുറമായി ഇനി വയ്യെന്ന് വാവ സുരേഷ് പറയുന്നു. പാമ്പു പിടിക്കുന്നതില്‍ നിന്ന് തനിക്ക് ഒരു ലാഭവുമില്ല.

പലപ്പോഴും ജീവന്‍ പണയം വെച്ചും പാമ്പുകളെ പിടിച്ചിട്ടുണ്ട് എന്നിട്ടും രൂക്ഷ വിമര്‍ശനവും ഒറ്റപ്പെടുത്തലും മാത്രമാണ് തനിക്ക് ലഭിക്കുന്നത്. മനസ് മടുത്താണ് പിന്മാറ്റമെന്നും വാവ സുരേഷ് വ്യക്തമാക്കി.

Exit mobile version