സ്വന്തമായി മൂന്നു സെന്റ് സ്ഥലം വാങ്ങാനുള്ള ശ്രമം പാളി; പക്ഷേ തെറ്റിയത് ഒരു കുടുംബത്തിന്റെ മനോനില; ഇരുട്ടിന്റെയും ഭയത്തിന്റെയും തടവറയില്‍ രണ്ടര വര്‍ഷം! ഒടുവില്‍ മോചനം

അപ്പുക്കുട്ടന്‍ പെന്‍ഷനായപ്പോള്‍ കിട്ടിയ പണം ഉപയോഗിച്ച് സ്വന്തം വീട് വെയ്ക്കാന്‍ സ്ഥലം വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

തൃശ്ശൂര്‍: സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും വേണം എന്ന് ആഗ്രഹിക്കുന്നവരാണ് നാം. സ്വന്തമായി ഭൂമിയും വീടും ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ആ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നടക്കാതെ വന്നാലോ…? ആ അനുഭവമാണ് തൃശ്ശൂര്‍ പൂത്തോളിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ക്വാര്‍ട്ടേഴ്സില്‍ കഴിയുന്ന അപ്പുക്കുട്ടനും ഭാര്യയും മൂന്നു മക്കള്‍ക്കും വന്നത്. സ്വന്തമായി സ്ഥലം വാങ്ങാനുള്ള ശ്രമം പാളിയപ്പോള്‍ തെറ്റിയത് ഈ കുടുംബത്തിന്റെ മനോനില തന്നെയായിരുന്നു.

മനസിന്റെ താളം തെറ്റിയ ഇവര്‍ രണ്ടര വര്‍ഷമായി ഇരുട്ടിന്റെയും പേടിയുടെയും തടവറയില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ഇവരെ തേടി സാമൂഹികനീതി വകുപ്പ് അധികൃതര്‍ എത്തി. പക്ഷേ ഞെട്ടിക്കുന്നതും വിഷമിപ്പിക്കുന്നതുമായ കാഴ്ചയാണ് കണ്ടത്. കളക്ടറുടെ ഇടപെടലിനെ തുടര്‍ന്നാണ് സാമൂഹികനീതി വകുപ്പ് അധികൃതര്‍ ഇവരെ തേടിയെത്തിയത്. അഞ്ചുപേരും കുളിച്ചിട്ട് മാസങ്ങളായിരുന്നു. നഖം നീണ്ടുവളര്‍ന്നും മുടി ജടപിടിച്ചുമായിരുന്നു. വെളിച്ചത്തെ ഇവര്‍ക്ക് ഭയമായിരുന്നു. പാത്രങ്ങള്‍ കഴുകാതെയും മാലിന്യങ്ങള്‍ വീട്ടിനുള്ളില്‍ത്തന്നെ സൂക്ഷിച്ച നിലയിലുമായിരുന്നു. പഴകിയ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിരുന്നു.

ഈ കാഴ്ച അങ്ങേയറ്റം വേദനിപ്പിക്കുന്നതായിരുന്നു. ഉടനെ എല്ലാവരെയും കുളിപ്പിച്ച് പുതിയ വസ്ത്രങ്ങളും ഭക്ഷണവും നല്‍കി. തുടര്‍ന്ന് പോലീസ് സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്ഥലം വാങ്ങാനുള്ള ശ്രമങ്ങളാണ് ഇവരെ ഈ അവസ്ഥയില്‍ എത്തിച്ചത്. അപ്പുക്കുട്ടനു പുറമേ മൂത്ത മകള്‍ക്കും ബിരുദപഠനത്തിനു ശേഷം ജോലി കിട്ടി. മകന്‍ വീടിനടുത്ത് കട തുടങ്ങി. ഇളയ മകളും ബിരുദധാരിയാണ്. അപ്പുക്കുട്ടന്‍ പെന്‍ഷനായപ്പോള്‍ കിട്ടിയ പണം ഉപയോഗിച്ച് സ്വന്തം വീട് വെയ്ക്കാന്‍ സ്ഥലം വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

അവിടെ നിന്നാണ് സംഭവങ്ങളുടെ തുടക്കം. നഗരത്തിനടുത്ത് മൂന്നുസെന്റ് സ്ഥലം വാങ്ങാന്‍ തീരുമാനിച്ചു. എട്ട് ലക്ഷത്തിനാണ് ഉറപ്പിച്ചത്. തുടക്കത്തില്‍ അഞ്ച് ലക്ഷം നല്‍കി. പക്ഷേ കരാര്‍ രജിസ്റ്റര്‍ ചെയ്തില്ല. നിശ്ചയിച്ച സമയം കഴിഞ്ഞും ബാക്കി കൊടുക്കാന്‍ അപ്പുക്കുട്ടന് സാധിച്ചില്ല. വായ്പ നല്‍കാമെന്ന് പറഞ്ഞ ബാങ്കും പിന്മാറി. സ്ഥലം വില്‍ക്കുന്നയാള്‍ ബാക്കി തുക വാങ്ങി സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കാനായി എത്തിയപ്പോള്‍ അപ്പുക്കുട്ടന്‍ ഒരു നാള്‍ മറഞ്ഞിരുന്നു. ശേഷം പതിയെ വീടിന്റെ ഉള്ളില്‍ ഒതുങ്ങി, വീടിന്റെ വാതില്‍ തുറക്കാതെയായി.

ഫോണ്‍ ഉപേക്ഷിച്ചു. എല്ലാവരില്‍ നിന്നും പതിയെ അകന്നു. ബന്ധങ്ങള്‍ ഉപേക്ഷിച്ചു. സ്ഥലം വില്‍ക്കുന്നയാള്‍ കട തേടിയെത്തിയതോടെ അപ്പുക്കുട്ടന്റെ മകന്‍ കടയില്‍ പോകുന്നതും ഉപേക്ഷിച്ചു. മകളെ ജോലിക്ക് വിടുന്നതും നിര്‍ത്തിച്ചു. ആരും വീടിന് പുറത്ത് ഇറങ്ങേണ്ടതില്ലെന്നും നിര്‍ദേശം നല്‍കി. നല്‍കിയ അഡ്വാന്‍സ് തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി സ്ഥലം വില്‍ക്കുന്നയാള്‍ എത്തിയെങ്കിലും ക്വാര്‍ട്ടേഴ്സിന്റെ വാതില്‍ തുറന്നില്ല. പെന്‍ഷന്‍ ആയതിനാല്‍ ക്വാര്‍ട്ടേഴ്സ് ഒഴിയണമെന്ന നോട്ടീസ്‌കൂടി എത്തി. ഇതോടെ സ്ഥിതി ഗതികള്‍ മോശമായി.

രണ്ടു ദിവസത്തിലൊരിക്കല്‍ മാത്രം കുടുംബനാഥനായ അപ്പുക്കുട്ടന്‍ ആരും കാണാതെ വീടിനു പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങിപ്പോകും. കാര്യങ്ങള്‍ തിരക്കിയ അയല്‍ക്കാരോട് വീട്ടുകാര്‍ക്കെല്ലാം പനിയാണ് എന്നാണ് പറഞ്ഞത്. എന്നാല്‍ അത് വിശ്വസനീയമായിരുന്നില്ല. പണത്തിന് ഞെരുക്കം വന്നതോടെ കുടിശ്ശിക കൂടി വൈദ്യുതിബന്ധം നിലച്ചു. സഹായിക്കാനായി ആരെങ്കിലും എത്തിയാല്‍ പോലും വീടിന്റെ വാതില്‍ തുറക്കാറില്ല. ഇതോടെയാണ് കളക്ടര്‍ ഇടപെട്ടതും അധികൃതര്‍ എത്തി സുരക്ഷിത സ്ഥലത്തേയ്ക്ക് അഞ്ച് പേരെയും മാറ്റിയത്.

Exit mobile version