15 ലക്ഷം കുടുംബങ്ങള്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കി ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹിയിലെ ഗാര്‍ഹിക ഉപയോക്താക്കളില്‍ 28 ശതമാനം വരുന്ന ആളുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: പതിനഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കി ഡല്‍ഹി സര്‍ക്കാര്‍. 200 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് പണം ഈടാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഓഗസ്റ്റിലാണ് 200 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായി നല്‍കുന്ന പദ്ധതി ആം ആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ തീരുമാനത്തിന്റെ പുറത്താണ് ഇത്ര അധികം കുടുംബങ്ങള്‍ക്ക് വൈദ്യുതി സൗജന്യമായി ലഭിച്ചിരിക്കുന്നത്.

ആദ്യം സ്വന്തമായി വീട് ഉള്ളവര്‍ക്കാണ് ഈ ആനുകൂല്യം നല്‍കിയിരുന്നതെങ്കിലും പിന്നീട് വാടകയ്ക്ക് താമസിക്കുന്നവരെക്കൂടി സര്‍ക്കാര്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഡല്‍ഹിയിലെ ഗാര്‍ഹിക ഉപയോക്താക്കളില്‍ 28 ശതമാനം വരുന്ന ആളുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഈ മാസം വൈദ്യുതി ബില്‍ അടയ്ക്കേണ്ട.

സൗത്ത്, വെസ്റ്റ് ഡല്‍ഹി പ്രദേശങ്ങളിള്‍ ഉള്ളവരാണ് ഈ ആനുകൂല്യം കൂടുതല്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് ഉപയോക്താക്കളുടെ ബില്‍ തുക സര്‍ക്കാരാണ് നല്‍കുക. ബിആര്‍പിഎല്‍, ബിവൈപിഎല്‍, ടിപിഡിഡിഎല്‍ എന്നീ കമ്പനികളാണ് ഡല്‍ഹിയില്‍ വൈദ്യുതി വിതരണം നടത്തുന്നത്. അതേസമയം ഈ പദ്ധതി നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് പ്രതിവര്‍ഷം 2500 കോടി രൂപയാണ് ചെലവ്.

Exit mobile version