കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരന്‍പിള്ളയുടെ യാത്ര കടന്നു പോകും, ധൈര്യമുണ്ടെങ്കില്‍ അറസ്റ്റുചെയ്യട്ടെ; പോലീസിനെ വെല്ലുവിളിച്ച് എംടി രമേശ്

ശ്രീധരന്‍പിള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയില്‍ വടകരയിലാണ് രമേശ് ഇക്കാര്യം പറഞ്ഞത്

കോഴിക്കോട്: ശബരിമല വിവാദ പ്രസംഗത്തില്‍ ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്യാന്‍ പോലീസിനെ വെല്ലുവിളിച്ച് എംടി രമേശ്. കേസെടുത്ത കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരന്‍പിള്ളയുടെ യാത്ര കടന്നു പോകുമെന്നും ധൈര്യമുണ്ടെങ്കില്‍ പോലീസ് അറസ്റ്റുചെയ്യട്ടെയെന്നും രമേശ് പറഞ്ഞു. ശ്രീധരന്‍പിള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയില്‍ വടകരയിലാണ് രമേശ് ഇക്കാര്യം പറഞ്ഞത്.

അതേസമയം ശബരിമല വിവാദ പ്രസംഗത്തില്‍ കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ് ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കോഴിക്കോട് കസബ പോലീസ് കേസെടുത്തിരിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിരുന്നു. നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്ത്രിയേയും പ്രവര്‍ത്തകരേയും ശ്രീധരന്‍ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

Exit mobile version