ജയില്‍ ചാടിയ തടവുകാരികള്‍ക്കായുള്ള പരിശോധന ശക്തം; ജയില്‍ ചാടുന്നതിന് ആരെങ്കിലും സഹായിച്ചോ എന്നതും അന്വേഷിക്കും! മുഖ്യമന്ത്രി

സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: അട്ടക്കുളങ്ങര ജയിലില്‍ നിന്നും തടവുകാരികള്‍ ജയില്‍ ചാടിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തെ കുറിച്ച് അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. വനിതാ തടവുകാര്‍ ജയില്‍ ചാടുന്നത് ആദ്യ സംഭവമാണെന്നും, തടവുകാര്‍ക്ക് ജയിലില്‍ അമിത സ്വാതന്ത്ര്യം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ജയില്‍ ചാടിയ തടവുകാരികള്‍ക്കായുള്ള പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തുടരന്വേഷണം നടത്തും. ജയില്‍ ചാടുന്നതിന് ആരെങ്കിലും സഹായിച്ചോ എന്നതും അന്വേഷിക്കും’ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അട്ടക്കുളങ്ങര ജയിലില്‍ നിന്ന് തടവുകാരികളായ ശില്‍പ മോള്‍, സന്ധ്യ എന്നിവര്‍ ജയില്‍ ചാടിയത്. അടുക്കളത്തോട്ടത്തിലെ മുരിങ്ങ മരത്തില്‍ കയറിയാണ് ഇരുവരും മതില്‍ ചാടി രക്ഷപ്പെട്ടത്. ജയില്‍ ചാടുന്നതിന് മുമ്പായി ശില്‍പ തന്റെ സഹായിയെ ജയിലില്‍ നിന്ന് ഫോണ്‍ ചെയ്യുകയും ചെയ്തിരുന്നു. റിമാന്‍ഡ് പ്രതികളാണ് രണ്ട് പേരും. ഇവര്‍ തടവ് ചാടുന്ന വിവരം ജയിലിലെ മറ്റൊരു തടവുകാരിക്കും അറിയാമായിരുന്നു എന്നാണ് വിവരം.

നാലര മണിക്ക് ശേഷം ഇവരെ കാണാനില്ലെന്ന് സഹതടവുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ജയിലിനകത്തും പുറത്തുമായി ജയില്‍ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. ജയിലിനുള്ളില്‍ പ്രതികള്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. അതേസമയം ഇവര്‍ മുരിങ്ങ മരത്തില്‍ കയറി മതില്‍ ചാടിയ ശേഷം ഇവര്‍ ഒരു ഓട്ടോയില്‍ കയറി രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Exit mobile version