മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ചിത്രീകരണത്തിനിടെ പരിസ്ഥിതിനാശം; കേന്ദ്രസര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി

പെരുമ്പാവൂരിലെ ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ഇന്റഗ്രേഷന്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഏഞ്ചല്‍സ് നായരുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്

കൊച്ചി: തീയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ഉണ്ട’യുടെ ചിത്രീകരണത്തിനിടെ പരിസ്ഥിതിനാശമുണ്ടായിട്ടുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി. പെരുമ്പാവൂരിലെ ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ഇന്റഗ്രേഷന്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഏഞ്ചല്‍സ് നായരുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും സിനിമാ കമ്പനിക്കുമെതിരേ അന്വേഷണം നടത്തണമെന്നും വനഭൂമി പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള നടപടികള്‍ നാലുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ‘ഉണ്ട’ സിനിമയുടെ ചിത്രീകരണത്തിനായി കാസര്‍കോട് കാറഡുക്ക വനഭൂമിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ് തടഞ്ഞില്ലെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്.

വനഭൂമി നശിപ്പിക്കുന്ന തരത്തില്‍ ഇടപെടലുണ്ടായത് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കോടതിയില്‍ ഹാജരാക്കിയ ഹര്‍ജിക്കാരന്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് നിഷേധിച്ചു. നിയമാനുസൃതം അനുമതിവാങ്ങിയാണ് ചിത്രീകരണം നടത്തിയതെന്നും അതിനാല്‍ ചിത്രീകരണം അനധികൃതമാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അന്വേഷണത്തിനുള്ള സൗകര്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുക്കണം. പരിസ്ഥിതിയെ ബാധിക്കാത്ത രീതിയില്‍ ഗ്രാവലിട്ട് റോഡുണ്ടാക്കിയത് പൂര്‍വ്വസ്ഥിതിയിലാക്കിയിട്ടില്ലെങ്കില്‍ കേന്ദ്രം നടപടിയെടുക്കണമെന്നും നിര്‍മ്മാതാക്കളായ മൂവീസ് മില്‍ പ്രൊഡക്ഷനില്‍ നിന്ന് ചെലവീടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Exit mobile version