ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹത ഇല്ല; വണ്ടി ഓടിച്ചത് അര്‍ജുന്‍ തന്നെ, ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

അപകട സമയത്ത് വാഹനം ഓടിച്ചത് അര്‍ജുന്‍ തന്നെയാണെന്ന് അന്വേഷണ സംഘം ശാസ്ത്രീയമായി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്

കൊച്ചി: വയലിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹത ഇല്ലെന്ന് ക്രൈംബ്രാഞ്ച്. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രാഥമിക റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെയാണ്. അപകടം മനഃപൂര്‍വം സൃഷ്ടിച്ചതല്ലെന്നും അമിതവേഗവും റോഡിന്റെ ചരിവുമാണ് അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍. ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണ് ആ സമയത്ത് വാഹനം ഓടിച്ചിരുന്നത്. ഇവയൊക്കെയാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍.

ബാലഭാസ്‌കറിന്റെ മരണത്തില്‍ പിതാവ് സികെ ഉണ്ണി ഉന്നയിച്ച സംശയങ്ങളാണ് ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിച്ചത്. അപകടത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നോ എന്നും ഡ്രൈവര്‍ അര്‍ജുന്‍ എന്തിനാണ് മൊഴി മാറ്റിയത്, പൂന്തോട്ടം ആയുര്‍വേദ ആശുപത്രി ഉടമകളും പ്രകാശ് തമ്പി, വിഷ്ണു എന്നിവരും ബാലഭാസ്‌കറിനെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നോ, അവര്‍ക്ക് അപകടത്തില്‍ പങ്കുണ്ടോ എന്നിവയായിരുന്നു സികെ ഉണ്ണി ഉന്നയിച്ച സംശയങ്ങള്‍.

എന്നാല്‍ അപകട സമയത്ത് വാഹനം ഓടിച്ചത് അര്‍ജുന്‍ തന്നെയാണെന്ന് അന്വേഷണ സംഘം ശാസ്ത്രീയമായി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറന്‍സിക് ,ഡിഎന്‍എ പരിശോധനകളുടെ അന്തിമ ഫലം വരുന്നതോടെ ഇത് സംശയാതീതമായി വ്യക്തമാകും.

Exit mobile version