എന്‍എസ്എസിനെ വിടാതെ സാമൂഹ്യ വിരുദ്ധര്‍; കൊട്ടാരക്കരയിലെ കരയോഗ മന്ദിരത്തിന് നേരെ വീണ്ടും ആക്രമണം, കൊടിമരം തകര്‍ത്തു

നേരത്തെ തിരുവനന്തപുരത്തും ആലപ്പുഴയിലുമുള്ള എന്‍എസ്എസ് മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.

കൊല്ലം: കൊട്ടാരക്കരയില്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കൊടിമരവും മറ്റും തകര്‍ത്തു. പൊലിക്കോട് ശ്രീ മഹാദേവര്‍ വിലാസം കരയോഗത്തിന് നേരെയാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കരയോഗ ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി.

നേരത്തെ തിരുവനന്തപുരത്തും ആലപ്പുഴയിലുമുള്ള എന്‍എസ്എസ് മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ആലപ്പുഴയിലെ നൂറനാട്, കുടശിനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടി കെട്ടിയ നിലയിലായിരുന്നു. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് അനുശോചനമെന്ന് രേഖപ്പെടുത്തി റീത്തും വച്ചിട്ടുണ്ടായിരുന്നു. കൊടശിനാട് എന്‍എസ്എസ് ഹൈസ്‌കൂളിലും സമാനമായി കൊടിയുയര്‍ത്തി റീത്ത് വച്ചിരുന്നു.

നേരത്തെ പാപ്പനംകോടിന് സമീപം മേലാംകോട് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു. നവംബര്‍ രണ്ടിന് രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്. എന്‍എസ്എസ് ഓഫീസിന്റെ മുകള്‍ നിലയിലെ പ്രതിമയുടെ മുന്നിലെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത നിലയിലായിരുന്നു. അന്നും പ്രതിമയ്ക്ക് സമീപം റീത്ത് വച്ചിരുന്നു.

Exit mobile version