തുടര്‍ച്ചയായി വിളിച്ചിട്ടും എഴുന്നേറ്റില്ല; ഫ്‌ളാറ്റില്‍ ഉറങ്ങിപ്പോയ മകനെ വിളിച്ചുണര്‍ത്താന്‍ അമ്മ സഹായം തേടിയത് ഫയര്‍ഫോഴ്‌സിനെ

അമ്മ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഉറങ്ങിപ്പോയതിനാല്‍ കുട്ടി ഫോണെടുത്തില്ല

കൊച്ചി: തുടര്‍ച്ചയായി വിളിച്ചിട്ടും എഴുന്നേല്‍ക്കാതെ ഉറങ്ങിപ്പോയ മകനെ വിളിച്ചുണര്‍ത്താന്‍ അമ്മ ഒടുവില്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തി. കൊച്ചിയിലെ കടവന്ത്ര ശാന്തി വിഹാര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. രാവിലെ ജോലിക്കു പോയ ഡോക്ടറായ അമ്മ ഫ്‌ളാറ്റില്‍ ഉറങ്ങുകയായിരുന്ന മകനെ പല തവണ ഫോണില്‍ വിളിച്ചെങ്കിലും കുട്ടി ഫോണെടുത്തില്ല. ഇതോടെ ഉത്കണ്ഠയായ അമ്മ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

ഡോക്ടര്‍ ജോലിക്കു പോയതിന് ശേഷം മകന്‍ തനിച്ചായിരുന്നു ഫ്‌ളാറ്റില്‍. മുന്‍വശത്തെ വാതില്‍ അകത്തുനിന്നു പൂട്ടി പതിനാലുകാരന്‍ ഉറങ്ങാന്‍ കിടന്നു. കുറച്ച് കഴിഞ്ഞ് അമ്മ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഉറങ്ങിപ്പോയതിനാല്‍ കുട്ടി ഫോണെടുത്തില്ല. പിന്നീട് തുടര്‍ച്ചയായി വിളിച്ചെങ്കിലും കുട്ടി ഫോണെടുക്കാതെ വന്നതോടെ അമ്മ ഭയന്നു.

തുടര്‍ന്ന് ഡോക്ടര്‍ മകനെ വിളിക്കാന്‍ ഒരു ബന്ധുവിനെ അറിയിച്ചു. ബന്ധു എത്തി വാതിലില്‍ തട്ടിവിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. ഇതോടെ അമ്മ ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടനെ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മൂന്നാം നിലയിലുള്ള ഫ്‌ളാറ്റിന്റെ പിന്നിലെ ബാല്ക്കണിയിലേക്ക് ഏണി വച്ച്കയറി ഉറക്കത്തിലായിരുന്ന കുട്ടിയെ വിളിച്ചുണര്‍ത്തുകയായിരുന്നു.

ഫോണ്‍ സൈലന്റ് മോഡിലിട്ട് ഉറങ്ങുകയായിരുന്ന കുട്ടി എഴുന്നേറ്റപ്പോള്‍ ചുറ്റും യൂണിഫോമിട്ട ഉദ്യോഗസ്ഥരെ കണ്ട് അമ്പരന്നു. സംഭവിച്ചകാര്യങ്ങള്‍ കുട്ടിയെ പറഞ്ഞു മനസ്സിലാക്കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ അവിടെ നിന്നും മടങ്ങിയത്.

Exit mobile version