തിരുവനന്തപുരത്ത് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ തിരിച്ചറിഞ്ഞു; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് കാര്‍ തിരിച്ചറിഞ്ഞത്. നെടുമങ്ങാട് സ്വദേശിയായ ഒരു സ്ത്രീയുടെതാണ് കാര്‍ എന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഓട്ടോ അടക്കമുള്ള വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് കാര്‍ തിരിച്ചറിഞ്ഞത്. നെടുമങ്ങാട് സ്വദേശിയായ ഒരു സ്ത്രീയുടെതാണ് കാര്‍ എന്ന് പോലീസ് അറിയിച്ചു.

ഇന്നലെയായിരുന്നു സംഭവം. തിരുവനന്തപുരം നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളെ ഇടിച്ച് തെറിപ്പിച്ച ശേഷം ഓടി കൊണ്ടിരുന്ന ഓട്ടോയെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നീട് അപകടം ഉണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു.

അതിവേഗത്തില്‍ നഗരത്തിലൂടെ പാഞ്ഞ കാര്‍ കരമനയില്‍ രണ്ട് വാഹനങ്ങള്‍ അടിച്ച് തെറിപ്പിച്ച ശേഷം വഴുതക്കാട് ഭാഗത്തേക്ക് പോവുകയും സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയത്തിന് മുന്നില്‍ വച്ച് ഒരു ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ മുകളിലേക്ക് വീണ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.

Exit mobile version