മരച്ചില്ലകള്‍ വെട്ടിയപ്പോള്‍ കിളികള്‍ ചത്തുവീഴുന്നത് ദയ പോലുമില്ലാതെ നോക്കിനിന്നു; ചില്ലകള്‍ കൊടിമരത്തിന് മുകളില്‍ വീണപ്പോള്‍ പ്രതിഷേധം

വിരിയാനിരിക്കുന്ന മുട്ടകളും, വിരിഞ്ഞ് പുറത്തെത്തിയ കുഞ്ഞ് കിളികളും, അമ്മക്കിളികളുമെല്ലാം ആ കിളിക്കൂടിനുള്ളിലുണ്ടായിരുന്നു

പത്തനംതിട്ട: ഓഫീസിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസമാണ് മിനി സിവില്‍ സ്റ്റേഷന്‍ വളപ്പിലെ മരത്തിന്റെ കമ്പുകള്‍ വെട്ടിമാറ്റിയത്. ചില്ലകള്‍ ഓരോന്നായി താഴേക്ക് വെട്ടിയിടുന്നതിനിടെ മൂര്‍ച്ചയുള്ള ആയുധമേറ്റ് താഴെ വീണ കൊമ്പിനൊപ്പം ഒരുകൂട്ടം കിളിക്കൂടുകളും നിലം പതിച്ചു.

വിരിയാനിരിക്കുന്ന മുട്ടകളും, വിരിഞ്ഞ് പുറത്തെത്തിയ കുഞ്ഞ് കിളികളും, അമ്മക്കിളികളുമെല്ലാം ആ കിളിക്കൂടിനുള്ളിലുണ്ടായിരുന്നു. പലതും ചത്തുപോയി. ആരുടെയും കണ്ണുകള്‍ നിറയ്ക്കുന്നതായിരുന്നു ആ കാഴ്ച. പക്ഷേ പാവം മിണ്ടാപ്രാണികള്‍ക്കായി ആരും പ്രതികരിച്ചില്ല. കുഞ്ഞുങ്ങള്‍ മരിച്ചു വീണത് കണ്ട് കൂടിന് ചുറ്റും പറന്ന തള്ളക്കിളികളുടെ കരച്ചില്‍ ആരും ചെവിക്കൊണ്ടില്ല.

എന്നാല്‍ വെട്ടിമാറ്റിയ മരച്ചില്ലകള്‍ ഉദ്യോഗസ്ഥസംഘടനയുടെ കൊടിമരത്തിന് മുകളിലേക്ക് വീണതോടെ കളിമാറി. കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും അതിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ആരോപിച്ച് സംഘടനാ ഭാരവാഹികളടക്കം പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് മരംവെട്ടാനെത്തിയ തൊഴിലാളികളുമായി തട്ടിക്കയറി.

കൊടിമരം തകര്‍ത്തവരെ തകര്‍ക്കുമെന്ന് വരെ ഭീഷണി ഉയര്‍ന്നപ്പോള്‍ ചില്ലകള്‍ വെട്ടുന്ന ജോലി നിര്‍ത്തി തൊഴിലാളികള്‍ ജീവനും കൊണ്ടോടി രക്ഷപ്പെട്ടു. അപ്പോഴും നിലത്തെ തകര്‍ന്ന കൂട്ടില്‍ നിന്നും കിളികള്‍ പ്രാണനായി നിലവിളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആ നിലവിളി കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. പിന്നീട് ഏതോ ഒരു സുമനസ്സിന്റെ ദയയില്‍ വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ജീവനക്കാരാണ് കിളികളെ സുരക്ഷിതമായിടത്തേക്ക് കൊണ്ടു പോയത്.

Exit mobile version