കാമുകിയെ വാട്‌സ്ആപ്പില്‍ വീഡിയോ കോള്‍ ചെയ്ത് കൈ ഞരമ്പു മുറിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരം; ആശുപത്രി വിട്ടു

ഒരുദിവസത്തെ ആശുപത്രി വാസത്തിനു ശേഷം സുഖം പ്രാപിച്ച യുവാവ് ആശുപത്രി വിട്ടു.

അങ്കമാലി: വാട്‌സ്ആപ്പ് വീഡിയോ കോള്‍ ചെയ്ത് കാമുകിയെ ദൃക്‌സാക്ഷിയാക്കി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രി വിട്ടു. വീഡിയോ കോള്‍ വിളിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെ പോലീസാണ് യുവാവിനെ കണ്ടെത്തി ആശുപത്രിയിലാക്കിയത്. ഒരുദിവസത്തെ ആശുപത്രി വാസത്തിനു ശേഷം സുഖം പ്രാപിച്ച യുവാവ് ആശുപത്രി വിട്ടു.

എളവൂര്‍ റെയില്‍വേ മേല്‍പാലത്തിനും കറുകുറ്റി റെയില്‍വേ സ്റ്റേഷനും ഇടയില്‍ ട്രാക്കിനു സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് യുവാവിനെ രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇടുക്കി പുഷ്പഗിരി സ്വദേശിയായ യുവാവിനെയാണ് പോലീസ് ആശുപത്രിയിലാക്കിയത്.

കോളേജില്‍ വെച്ച് കാമുകിയുമായി വഴക്കിട്ടാണ് യുവാവ് ട്രെയിനില്‍ കയറി കറുകുറ്റിയിലെത്തിയത്. യുവാവ് പെണ്‍കുട്ടിയെ വിളിച്ച വീഡിയോ കോള്‍ അധ്യാപകരും കണ്ടു. ഇപ്പോള്‍ എവിടെയാണുള്ളതെന്ന് അധ്യാപകര്‍ ചോദിച്ചപ്പോള്‍ യുവാവ് ഫോണ്‍ ഓഫാക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

അതേസമയം, യുവാവിന്റെ മുറിവിന് ആഴമില്ലായിരുന്നെങ്കിലും കുറ്റിക്കാട്ടില്‍ കൂടുതല്‍ നേരം ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്നെങ്കില്‍ രക്തം വാര്‍ന്നു ജീവാപായം ഉണ്ടാകുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Exit mobile version