വീടിന് തീപിടിച്ചുവെന്ന് സന്ദേശം; പാഞ്ഞെത്തി ഫയര്‍ഫോഴ്സ് സംഘം, അന്വേഷിച്ചപ്പോള്‍ വീടുമില്ല, തീപിടുത്തവും ഇല്ല! സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ഫയര്‍ ഫോഴ്‌സിനെ വട്ടംചുറ്റിച്ചാണ് വ്യാജ ഫോണ്‍ സന്ദേശം എത്തിയത്. വീടിന് തീപിടിക്കുന്നുവെന്നാണ് അജ്ഞാത സന്ദേശം എത്തിയത്.

തിരുവനന്തപുരം: വീടിന് തീപിടിച്ചെന്ന വ്യാജ സന്ദേശത്തില്‍ കബളിക്കപ്പെട്ട് ഫോഴ്‌സ് സംഘം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ഫയര്‍ ഫോഴ്‌സിനെ വട്ടംചുറ്റിച്ചാണ് വ്യാജ ഫോണ്‍ സന്ദേശം എത്തിയത്. വീടിന് തീപിടിക്കുന്നുവെന്നാണ് അജ്ഞാത സന്ദേശം എത്തിയത്.

ബാലരാമപുരം സ്പിന്നിങ് മില്ലിന് സമീപത്തെ വിഷ്ണുവിന്റെ വീടിന് തീപിടിച്ചുവെന്നാണ് നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സിന് ആദ്യം വിവരം ലഭിച്ചത്. ഈ വിവരം പറഞ്ഞ ഉടന്‍ കോള്‍ കട്ടായി. ആ നമ്പരിലേക്ക് ഉടന്‍ തിരിച്ചു വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഫയര്‍ ഫോഴ്‌സ് പറയുന്നു.

ഇതിനിടെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ഇതേ വിവരം പറഞ്ഞ് സന്ദേശമെത്തി. ഉടനടി ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തേക്ക് കുതിച്ചു. ഫയര്‍ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകളാണ് സ്ഥലത്തേക്ക് പോയത്. എന്നാല്‍ സ്ഥലത്തെത്തി നാട്ടുകാരോട് ചോദിച്ചപ്പോള്‍ അവിടെ അങ്ങിനെ ഒരു സംഭവം നടന്നിട്ടേയില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. ഇതോടെ ഫയര്‍ ഫോഴ്‌സ് സംഘം മടങ്ങി.

ഫയര്‍ഫോഴ്‌സ് സംഘം ബാലരാമപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബാലരാമപുരം സ്വദേശിയായ ഒരാള്‍ മദ്യലഹരിയില്‍ വിളിച്ചു പറഞ്ഞതാണെന്നാണ് വിവരം. ഇയാളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

Exit mobile version