പ്രേമനൈരാശ്യം; ആത്മഹത്യ ചെയ്യുമെന്ന് കാമുകിയെ വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി, ശേഷം കൈ ഞരമ്പുകള്‍ മുറിച്ചു; വിദ്യാര്‍ത്ഥി ആശുപത്രിയില്‍

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു

കൊച്ചി: വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെ കാമുകിയെ ആത്മഹത്യാ രംഗങ്ങള്‍ കാണിച്ച ഇരുപത്തിമൂന്നുകാരനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ പോലീസ് കണ്ടെത്തി. ഇടുക്കി സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അങ്കമാലി എളവൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനും കറുകുറ്റി റെയില്‍വേ സ്റ്റേഷനും ഇടയില്‍ റെയില്‍വേ ട്രാക്കിനു സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് യുവാവിനെ പോലീസ് കണ്ടെത്തിയത്. പ്രേമനൈരാശ്യത്താലാണ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് മുതിര്‍ന്നതെന്ന് പോലീസ് പറയുന്നു. കാമുകിയെ വീഡിയോ കോള്‍ ചെയ്ത യുവാവ് ഞാനിവിടെ കിടന്നു മരിക്കുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു.

വീഡിയോ കോള്‍ അവസാനിപ്പിച്ച ഉടനെ യുവതി ഇക്കാര്യം കോട്ടയം പോലീസിനെ അറിയിച്ചു. വീഡിയോ കോള്‍ ലൊക്കേഷന്‍ മനസ്സിലാക്കിയ അവര്‍ അങ്കമാലി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ യുവാവിനെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. പോലീസ് ഇയാളെ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version