മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതി; കടല്‍ത്തീരത്തെ വീട് സ്വയം ഒഴിഞ്ഞാല്‍ പത്ത് ലക്ഷം രൂപയോ ഫ്‌ളാറ്റോ നല്‍കും

ഫിഷറീസ് വകുപ്പാണ് പുനരധിവാസ പദ്ധതി തയ്യാറാക്കുന്നത്

തിരുവനന്തപുരം: കടല്‍ത്തീരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ സ്വയം വീട് ഒഴിയാന്‍ തയ്യാറായാല്‍ 10ലക്ഷം രൂപയോ ഫ്‌ളാറ്റോ നല്‍കും. കടല്‍ക്ഷോഭ ഭീഷണി നേരിടുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനം. ഈ പദ്ധതിയ്ക്ക് മന്ത്രിസഭായോഗം അനുമതി നല്കി.

ഫിഷറീസ് വകുപ്പാണ് പുനരധിവാസ പദ്ധതി തയ്യാറാക്കുന്നത്. കടല്‍ത്തീരത്തുനിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ അവിടെനിന്ന് സ്വയം ഒഴിയാന്‍ തയ്യാറായാല്‍ അവര്‍ക്ക് വീട് നിര്‍മാണത്തിനായി 10 ലക്ഷം രൂപയോ അല്ലെങ്കില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കുകയോ ചെയ്യുന്നതാണ് പദ്ധതി. നിലവില്‍ സംസ്ഥാന തീരപ്രദേശത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന 18,865 കുടുംബങ്ങളാണ് കടല്‍ക്ഷോഭ ഭീഷണി നേരിടുന്നതെന്നാണ് വിലയിരുത്തല്‍.

പദ്ധതി നടപ്പാക്കുന്നതിനായി ആരെയും തീരത്തുനിന്ന് നിര്‍ബന്ധിച്ചു കുടിയൊഴിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ സ്വയം ഒഴിഞ്ഞുപോകാന്‍ തയ്യാറാകുന്നവരെ ആദ്യഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ പത്ത് ലക്ഷം രൂപ വീതം നല്‍കും. ഭൂമി വാങ്ങാന്‍ ആറു ലക്ഷവും വീടു നിര്‍മ്മിക്കാന്‍ നാലു ലക്ഷവും ഇതില്‍നിന്ന് ചെലവഴിക്കാം. വീട് നിര്‍മ്മിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഫിഷറീസ് വകുപ്പ് നിര്‍മ്മിക്കുന്ന ഫ്‌ളാറ്റുകള്‍ നല്‍കും.

Exit mobile version