ശബരിമല വിഷയത്തില്‍ കേന്ദ്രം തന്നെ ബില്‍ കൊണ്ടുവരണം; എന്‍കെ പ്രേമചന്ദ്രന്റെ ബില്ലിന് എല്ലാ സ്വകാര്യ ബില്ലുകളുടെയും അവസ്ഥയാകും; കടകംപള്ളി

ഇക്കാര്യം നേരത്തെ തന്നെ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എംപി എന്‍കെ പ്രേമചന്ദ്രന്‍ ലോകസഭയില്‍ ഉന്നയിക്കുന്ന സ്വകാര്യ ബില്ലിന് എല്ലാ സ്വകാര്യ ബില്ലുകളുടേയും അവസ്ഥയാകും ഉണ്ടാവുകയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ബില്ല് കൊണ്ട് വരുന്നതാണ് ഉചിതമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം നേരത്തെ തന്നെ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 17ാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലായി ശബരിമലയിലെ യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന ബില്ലിന് എന്‍കെ പ്രേമചന്ദ്രനാണ് നോട്ടീസ് നല്‍കിയത്. ബില്ല് വെള്ളിയാഴ്ച അവതരിപ്പിക്കാനാണ് അനുമതി കിട്ടിയത്. ശബരിമല ശ്രീധര്‍മ്മക്ഷേത്ര ബില്‍ എന്ന പേരിലാണ് നോട്ടീസ് നല്‍കിയത്. ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ തുടരണം എന്നാണ് എന്‍കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍, സാധാരണഗതിയില്‍ സ്വകാര്യ ബില്ലുകള്‍ സഭയില്‍ പാസാകാറില്ല. ഒപ്പം ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരാന്‍ ആലോചിക്കും എന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രം ഈ സ്വകാര്യ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കും എന്നത് ശ്രദ്ധേയമാകും.

Exit mobile version