രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല; കെടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനം; നാണം കെട്ട് പികെ ഫിറോസ്

മന്ത്രി കെടി ജലീലിന്റെ ബന്ധുവായ കെടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ ചട്ടലംഘനം നടത്തി നിയമിച്ചുവെന്നായിരുന്നു യൂത്ത് ലീഗ് നേതാവായ പികെ ഫിറോസിന്റെ ആരോപണം.

കൊച്ചി: മന്ത്രി കെടി ജലീലിനെതിരായ ബന്ധു നിയമന കേസില്‍ കോടതിയെ സമീപിച്ച യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് കനത്ത തിരിച്ചടി. രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല എന്ന് പികെ ഫിറോസിനെ രൂക്ഷമായി കോടതി വിമര്‍ശിക്കുകയായിരുന്നു. കോടതിയെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല, രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്നും രേഖകളില്ലാതെയാണോ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നതെന്നും കോടതി തുറന്നടിച്ച് ചോദിച്ചു. ടിവി ചര്‍ച്ചയല്ല കോടതി മുറിയില്‍ ഓര്‍ക്കേണ്ടതെന്നും കോടതി വിമര്‍ശിച്ചു.

കോടതി നിര്‍ദ്ദേശിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാത്തതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ രണ്ട് തവണ സമയവും കോടതി നേതാവിന് അനുവദിച്ച് കൊടുത്തിരുന്നു. എന്നാല്‍ വീണ്ടും സമയം തേടുകയാണ് ഫിറോസ് ചെയ്തത്. ഇതോടെയാണ് നേതാവിനെതിരെ കോടതി രൂക്ഷവിമര്‍ശനം നടത്തിയത്. ഇതോടെ നേതാവ് കോടതിക്ക് മുമ്പില്‍ പരിഹാസ കഥാപാത്രമായി മാറുകയായിരുന്നു. പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.

മന്ത്രി കെടി ജലീലിന്റെ ബന്ധുവായ കെടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ ചട്ടലംഘനം നടത്തി നിയമിച്ചുവെന്നായിരുന്നു യൂത്ത് ലീഗ് നേതാവായ പികെ ഫിറോസിന്റെ ആരോപണം. എന്നാല്‍ അന്നാള്‍ മുതല്‍ ഇക്കാര്യം മന്ത്രിയും നിഷേധിച്ചിരുന്നു. തെളിവുകള്‍ നിരത്തിയാണ് ഫിറോസിന്റെ ഓരോ ആരോപണങ്ങള്‍ക്കും മന്ത്രി മറുപടി നല്‍കിയത്. മന്ത്രിയ്ക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്നും നിയമനം നടത്തിയതില്‍ തെറ്റ് പറ്റിയിട്ടില്ലെന്നും വ്യക്തമാക്കി നിരവധി പേരാണ് മന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

‘ചട്ടങ്ങള്‍ മാറ്റിയത് കൂടുതല്‍ ആളുകള്‍ അപേക്ഷിക്കാന്‍ വേണ്ടിയാണെന്നും നിയമപ്രകാരം യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനില്‍ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്’ പികെ ഫിറോസിന്റെ ആരോപണങ്ങളോട് മന്ത്രിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. ഇതിനെ പിന്തുണച്ചാണ് പലരും രംഗത്ത് വന്നത്. അപ്പോഴും മന്ത്രി രാജിവെക്കണമെന്ന ആവശ്യം മാത്രമാണ് ഫിറോസിന് ഉന്നയിക്കാനുണ്ടായത്. ആരോപണം തെളിയിക്കാനായില്ല. ഒന്നും വിലപോവില്ലെന്ന് കണ്ടതോടെയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ അവിടെയും ആരോപണം മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. നിരത്താന്‍ തെളിവുകള്‍ ഒന്നും ഫിറോസിന് ലഭ്യമായില്ല. ഇതാണ് കോടതിയെയും ചൊടിപ്പിച്ചത്.

ബന്ധു നിയമന വിവാദം വിലപോവില്ലെന്ന് കണ്ടതോടെ പല പല ആരോപണങ്ങളും ഫിറോസ് ഉന്നയിച്ചതും സംശയങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ലക്ഷ്യം മന്ത്രിയെ രാജിവെപ്പിക്കുക എന്നതാണെന്നും തികച്ചും രാഷ്ട്രീയ സപ്രേരിതം മാത്രമാണെന്നും മനസിലായി. ഇപ്പോള്‍ കോടതിയിലും മേല്‍പ്പറഞ്ഞതെല്ലാം സത്യമാകുന്ന കാഴ്ചയാണ് കണ്ടതും.

Exit mobile version