വഴി തര്‍ക്കം പരിഹരിക്കാന്‍ 2000 രൂപ കൈക്കൂലി പേപ്പറില്‍ എഴുതി ചോദിച്ചു; അസി. എന്‍ജിനീയറായ ഡെയ്‌സി വിജിലന്‍സിന്റെ പിടിയില്‍

അയല്‍വാസി വഴി ഉയര്‍ത്തി കെട്ടിയെന്ന് കാണിച്ച് ചാലുകുന്ന് സ്വദേശി ഏപ്രില്‍ 16 നാണ് നഗരസഭയില്‍ പരാതി നല്‍കിയത്

കോട്ടയം: വഴി തര്‍ക്കം പരിഹരിക്കാന്‍ 2000 രൂപ കൈക്കൂലിയായി പേപ്പറില്‍ എഴുതി ചോദിച്ച വനിതാ അസി. എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി. കോട്ടയം നഗരസഭയിലെ വനിതാ അസി. എന്‍ജിനീയറായ കാരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര പൂയപ്പള്ളി ജിജോ ഭവനില്‍ എംപി ഡെയ്‌സിയാണ് പിടിയിലായത്. പ്രശ്‌നപരിഹാരത്തിന് എത്ര രൂപ തരാനാകും എന്ന് പരാതിക്കാരനോട് ആരാഞ്ഞ് എന്‍ജിനീയര്‍ എഴുതിയ കടലാസു തുണ്ടും പണവുമാണ് ഇവരുടെ മേശവലിപ്പില്‍ നിന്ന് കണ്ടെടുത്തത്.

അയല്‍വാസി വഴി ഉയര്‍ത്തി കെട്ടിയെന്ന് കാണിച്ച് ചാലുകുന്ന് സ്വദേശി ഏപ്രില്‍ 16 നാണ് നഗരസഭയില്‍ പരാതി നല്‍കിയത്. എന്നാല്‍ സ്ഥലം പരിശോധിക്കുന്നതിന് 5000 രൂപ നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. പല തവണയായി അഞ്ഞൂറും നൂറും കൈപ്പറ്റുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. മുഴുവന്‍ തുക നല്‍കാത്തതിനാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ പരാതിക്കാരന്‍ വിജിലന്‍സ് എസ്പി വിജി വിനോദ്കുമാറിനെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ നോട്ടുമായി പരാതിക്കാരന്‍ ഡെയ്‌സിയുടെ അടുത്തെത്തി. എന്നാല്‍ പണം കൈയില്‍ വാങ്ങാതെ മേശ വലിപ്പിലേക്ക് ഇടാന്‍ ഡെയ്‌സി നിര്‍ദേശിക്കുകയായിരുന്നു. മേശ വലിപ്പില്‍ പണം ഇട്ടശേഷം പരാതിക്കാരന്‍ പുറത്തേക്ക് ഇറങ്ങിയതും ഡിവൈഎസ്പി എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് പിന്നാലെ കയറി ഡെയ്‌സിയെ പിടികൂടുകയായിരുന്നു.

ഇവരുടെ മേശയില്‍ നിന്ന് പരാതിക്കാരന്റെ പണം കൂടാതെ കണക്കില്‍പ്പെടാത്ത 8500 രൂപ കൂടി കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് പിടികൂടിയതിനെ തുടര്‍ന്ന് ഡെയ്‌സിയെ നഗരസഭയുടെ പ്രധാന ഓഫീസില്‍ നിന്ന് മാറ്റി. എന്നാല്‍, പുതിയ സ്ഥലത്ത് നിയമനം നല്‍കിയിട്ടില്ല. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വിജിലന്‍സ് ഡെയ്‌സിയില്‍ നിന്നു പിടിച്ചെടുത്ത തുണ്ട് കടലാസില്‍ കൂടുതല്‍ പേരില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന്റെ സൂചനകളുണ്ടെന്ന് വിജിലന്‍സ് വെളിപ്പെടുത്തി. ഹൗ മെനി യു വില്‍ ഗീവ് മീ (നിങ്ങളെനിക്ക് എത്ര തരും) എന്ന് ഇംഗ്ലീഷിലും, വഴി തര്‍ക്കം പരിഹരിക്കുന്നത് സംബന്ധിച്ച് വേണോ വേയോ എന്ന് മലയാളത്തിലും എഴുതി ചോദിച്ചിട്ടുണ്ട്. മറ്റാരുമായോ ഇരുപതിനായിരം രൂപയുടെ വിലപേശല്‍ നടത്തിയയതിന്റെ രേഖകളും തുണ്ടു കടലാസിലുള്ളതായി അധികൃതര്‍ വ്യക്തമാക്കി. മുഴുവന്‍ നിയമലംഘനമാണെന്നും, കാര്‍പാര്‍ക്കിംഗ് ഇല്ലെന്നും, ഫുള്‍ റിസ്‌കാണെന്നും ഇരുപതിനായിരം രൂപ വേണമെന്നുമാണ് എഴുതിയിരിക്കുന്നത്.

Exit mobile version