ശബരിമലയിലെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ വിവി രാജേഷ് അറസ്റ്റില്‍; പമ്പയിലെത്തിച്ച് ചോദ്യം ചെയ്തു

പമ്പാ പോലീസാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടു.

തിരുവനന്തപുരം: സന്നിധാനത്തെ സംഘപരിവാര്‍ കലാപ ഭൂമിയാക്കിയ ചിത്തിര ആട്ടവിശേഷ പൂജാ കാലയളവില്‍ ദര്‍ശനത്തിന് എത്തിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ ബിജെപി നേതാവ് വിവി രാജേഷിനെ അറസ്റ്റു ചെയ്തു. രാവിലെ 11 മണിയോടെയായിരുന്നു അറസ്റ്റ്. പമ്പാ പോലീസാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടു.

പമ്പയിലെത്തിച്ച് ചോദ്യം ചെയ്തശേഷമായിരുന്നു വിവി രാജേഷിനെ വിട്ടയച്ചത്. യുവതിയെ ആക്രമിച്ച കേസില്‍ പതിനഞ്ചാം പ്രതിയാണ് വിവി രാജേഷ്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് രാജേഷ് നേരത്തെ പത്തനംതിട്ടാ ജില്ലാ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് രാജേഷിനെ അറസ്റ്റു ചെയ്തത്.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് ബിജെപി-ആര്‍എസ്എസ് സംഘങ്ങള്‍ ശബരിമലയില്‍ അഴിഞ്ഞാടിയത്. സംഘപരിവാര്‍ നേതാക്കളായ കെ സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി, പ്രകാശ് ബാബു തുടങ്ങിയവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമലയില്‍ എത്തിയ 7300 പേരില്‍ 200 പേര്‍ മാത്രമാണ് യഥാര്‍ത്ഥ ഭക്തരെന്ന് പോലീസ് വിലയിരുത്തലുണ്ടായിരുന്നു. ബാക്കിയുള്ളവര്‍ സംഘടിച്ചെത്തിയത് പ്രതിഷേധത്തിനും ആക്രമണത്തിനുമായിരുന്നു. 7100 പേര്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിവിധ ഹിന്ദു ഗ്രൂപ്പുകളുടെയും പ്രവര്‍ത്തകരോ, അവരുടെ പ്രേരണയില്‍ എത്തിയവരോ ആണെന്നു പോലീസ് കണ്ടെത്തി.

Exit mobile version