സൗമ്യയെ കൊലപ്പെടുത്താന്‍ കാരണം വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍! ഇരുവരും തമ്മില്‍ നേരത്തെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ്

ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.

മാവേലിക്കര: മാവേലിക്കരയില്‍ സൗമ്യ എന്ന പോലീസ് ഉദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ സൗമ്യയും പ്രതി അജാസും തമ്മില്‍ നേരത്തെ അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ്. അടുത്തിടെ അജാസ് സൗമ്യയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നതായും പോലീസ് പറയുന്നു. ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.

ഇരുവരും തമ്മില്‍ പരിചയമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കെഎപി ബെറ്റാലിയനിലെ പരിശീലന കാലത്ത് തുടങ്ങിയ പരിചയമാണ് സൗഹൃദമായി വളര്‍ന്നത്. അവിവാഹിതനായ അജാസിന് സൗമ്യയെ വിവാഹം ചെയ്യാന്‍ താല്‍പര്യം ഉണ്ടായിരുന്നു. നിരന്തരം ഫോണില്‍ വിളിക്കുമായിരുന്നു എന്നാണ് സൗമ്യയുടെ അമ്മയും പറയുന്നത്. എന്നാല്‍ വിവാഹ വാദ്ഗാനം സൗമ്യ നിരസിക്കുകയായിരുന്നു എന്നാണ് വിവരം.

ഫോണ്‍വിളിയും വാട്‌സ് ആപ്പ് സന്ദേശങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്, പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന അജാസിന്റെ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല.

അതേസമയം, ആസൂത്രിതമായ കൊലപാതകമാണെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് അജാസിനെ കൂടുതല്‍ ചോദ്യം ചെയ്താലേ വ്യക്തത വരൂ എന്നാണ് പോലീസ് പറയുന്നത്.

Exit mobile version