കാറ് കൊണ്ട് ഇടിച്ചിട്ട ശേഷം വാള് കൊണ്ട് വെട്ടി; പ്രാണരക്ഷാര്‍ത്ഥം അലറി കരഞ്ഞ് ഓടിയ സൗമ്യയെ പുറകേ ചെന്ന് തീകൊളുത്തി; പ്രതിയുടെ കണ്ണില്ലാ ക്രൂരത

മാവേലിക്കര: പോലീസുകാരിയെ മറ്റൊരു പോലീസുകാരന്‍ വഴിയിലിട്ട് ചുട്ടുകൊന്നതിന്റെ ഭീതിലാണ് മാവേലിക്കരയിലെ നാട്ടുകാര്‍. പോലീസുകാരന്റെ കൊടുംക്രൂരത അരങ്ങേറിയത് പട്ടാപ്പകലാണ്. വള്ളിക്കുന്ന് സ്റ്റേഷനിലെ സിപിഒ സൗമ്യ ഉച്ചക്ക് വീട്ടിലെത്തിയ ശേഷം വസ്ത്രം മാറി കുടുംബവീട്ടിലേക്ക് പോകാന്‍ ഇറങ്ങവേയായിരുന്നു നാടിനെ നടുക്കിയ സംഭവം.

തന്റെ സ്‌കൂട്ടര്‍ കൊണ്ട് വഴിയിലേക്ക് ഇറങ്ങിയതും കാറുമായി കാത്ത് നിന്ന പ്രതി അജാസ്, കാറ് കൊണ്ട് സ്‌കൂട്ടറിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. തന്നെ അപായപ്പെടുത്താനുളള ശ്രമമാണെന്ന് മനസ്സിലായ സൗമ്യ അടുത്ത വീട്ടിലേക്ക് ഓടി.

ഒടുന്നതിനിടെ അജാസ് കൈയ്യില്‍ കരുതിയിരുന്ന വാള് കൊണ്ട് സൗമ്യയെ വെട്ടുകയായിരുന്നു. വെട്ട് കൊണ്ട സൗമ്യ പ്രാണരക്ഷാര്‍ത്ഥം അടുത്ത വീട്ടിലേക്ക് ഓടി. എന്നാല്‍ അപ്പോഴും വെറുതെ വിടാന്‍ തയ്യാറാകാതെ ഇരുന്ന അജാസ്, പിന്നാലെ ഓടിച്ചെന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

സൗമ്യയുടെ അലര്‍ച്ച കേട്ട് നാട്ടുകാര്‍ ഓടികൂടിയെങ്കിലും തീഗോളമായി മാറിയ സൗമ്യയെ നാട്ടുകാര്‍ക്ക് രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. അത്രയേറെ തീ ആളി പടര്‍ന്നിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പ്രതിയായ അജാസിനും അന്‍പത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കിയ ഇയാളുടെ ആരോഗ്യ അവസ്ഥ മെച്ചപ്പെട്ട ശേഷം മാത്രമെ കൊലപാതക കാരണം വ്യക്തമാക്കു എന്നാണ് പോലീസ് പറയുന്നത്. മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയില്‍ ഇന്ന് വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

പ്രതിയായ അജാസും കൊല്ലപ്പെട്ട സൗമ്യയും തമ്മില്‍ ഏറെ കാലമായി അടുപ്പമുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തൃശൂര്‍ കെഎപി ബെറ്റാലിയനില്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദമെന്നാണ് വിവരം. പോലീസ് ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോള്‍ പരിശീലനം നല്‍കാന്‍ അജാസ് അവിടെ ഉണ്ടായിരുന്നു. ആലുവയിലെ ട്രാഫിക് പോലീസുകാരനായ അജാസ് കാക്കനാട് സ്വദേശിയാണ്.

Exit mobile version