ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണത്തിനെതിരെ വേണ്ടത് സീറോ ടോളറന്‍സ്! കൊല്‍ത്തയിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുരളി തുമ്മാരുകുടി

ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അപലപനീയമാണെന്നും ഇതിനി ആവര്‍ത്തിക്കാതെ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു

കൊച്ചി: കൊല്‍ക്കത്തയിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎന്‍ പരിസ്ഥിതി പ്രോഗ്രാം ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അപലപനീയമാണെന്നും ഇതിനി ആവര്‍ത്തിക്കാതെ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കാരണം എന്താണെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. ഒരു കാരണവശാലും അംഗീകരിച്ചു കൊടുക്കുകയും ചെയ്യരുത്. എങ്ങനെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ തടയേണ്ടത് എന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര തൊഴില്‍ സംഘടന, വിവിധ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പുകള്‍, നല്ല ആശുപത്രികള്‍ എല്ലാം മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇനി അങ്ങനെ ഒന്ന് നമ്മുടെ രാജ്യത്ത് നിലവിലില്ലെങ്കില്‍ കൊല്‍ക്കത്തയിലെ സംഭവം ഇത്തരത്തില്‍ ഒരെണ്ണം ഉണ്ടാക്കാനുള്ള അവസരമായി കാണണമെന്നും അദ്ദേഹം പറയുന്നു.

കൊല്‍ക്കത്തയിലെ യുവ ഡോക്ടര്‍മാരെ ഒരു സംഘം തെമ്മാടികള്‍ ആശുപത്രിയിലിട്ട് തല്ലിച്ചതച്ചു എന്ന വാര്‍ത്ത ഏറെ വിഷമത്തോടെയാണ് വായിച്ചതെന്നും ഡോക്ടര്‍മാര്‍ക്ക് ഏറ്റവും നല്ല ചികിത്സ ലഭിക്കട്ടെയെന്നും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നെന്നും അദ്ദേഹം കുറിപ്പില്‍ ആശംസിക്കുന്നുണ്ട്.

കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി എഴുപത്തഞ്ചുകാരന്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതം വന്ന് മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ ആക്രമണം അഴിച്ചുവിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. രോഗിയുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടര്‍മാരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതില്‍ പ്രതിഷേധിച്ച് ബംഗാളില്‍ ഡോക്ടര്‍മാര്‍ ദിവസങ്ങളായി ഡ്യൂട്ടി ബഹിഷ്‌കരിച്ച് സമരത്തിലാണ്. വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ഐഎംഎയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെയുള്ള ഡോക്ടര്‍മാരോട് തിങ്കളാഴ്ച സമരത്തില്‍ പങ്കുചേരാന്‍ ആഹ്വാനവും ചെയ്തിട്ടുണ്ട്.

മുരളി തുമ്മാരുകുടിയുടെ ഡോക്ടര്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കല്‍ക്കട്ടയിലെ ഡോക്ടര്‍മാരോട് ഐക്യദാര്‍ഢ്യം!

കല്‍ക്കട്ടയിലെ യുവ ഡോക്ടര്‍മാരെ ഒരു സംഘം തെമ്മാടികള്‍ ആശുപത്രിയിലിട്ട് തല്ലിച്ചതച്ചു എന്ന വാര്‍ത്ത ഏറെ വിഷമത്തോടെയാണ് വായിച്ചത്. ലഭ്യമായ വിവരവും ഈ വിഷയത്തോട് ഡോക്ടര്‍മാര്‍ പ്രതികരിച്ച രീതിയും കാണുമ്പോള്‍ ക്രൂരമായിരുന്നു ആക്രമണമെന്നും ഗുരുതരമാണ് പരിക്കേറ്റവരുടെ നില എന്നും മനസിലാക്കാം. ആക്രമണത്തില്‍ പരിക്കേറ്റ യുവ ഡോക്ടര്‍മാര്‍ക്ക് ഏറ്റവും നല്ല ചികിത്സ ലഭിക്കട്ടെ, വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. അതുപോലെ തന്നെ സംഘം ചേര്‍ന്ന് കുറ്റം ചെയ്തവര്‍ നൂറുപേരില്‍ അധികമുണ്ടെങ്കില്‍ പോലും ഒന്നൊഴിയാതെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ കിട്ടട്ടേ എന്നും ആഗ്രഹിക്കുന്നു.

നിര്‍ഭാഗ്യവശാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തില്‍ തന്നെ എത്രയോ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേരെ ആക്രമണം ഉണ്ടായിരിക്കുന്നു. അമേരിക്കയില്‍ ഒരു വര്‍ഷം തൊഴില്‍ സ്ഥലത്ത് ആളുകള്‍ നേരിടുന്ന അക്രമങ്ങളില്‍ 75 ശതമാനവും ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരാണെന്നാണ് കണക്ക്. ഇംഗ്ലണ്ടില്‍ ഏതെങ്കിലും ഒരു ആശുപത്രിയിലെങ്കിലും അക്രമം റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു ദിവസം പോലുമില്ല എന്നാണ് അവിടുത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരോടുള്ള അക്രമം രേഖപ്പെടുത്തിവെക്കുന്ന രാജ്യങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് പത്തില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും അവരുടെ തൊഴില്‍ കാലത്ത് ഒരിക്കലെങ്കിലും അക്രമിക്കപ്പെട്ടിട്ടുണ്ട് എന്നാണ്. അസഭ്യം പറയുന്നതിന്റെ കണക്ക് ഇതിലും എത്രയോ കൂടുതലാണ്! അതൊരിക്കലെങ്കിലും നേരിടാതെ ഈ പ്രൊഫഷനില്‍ ജീവിക്കാന്‍ പറ്റില്ല എന്ന സ്ഥിതിയാണ്. കേരളത്തില്‍ ഇത്തരം കണക്കുകള്‍ സൂക്ഷിക്കാത്തതിനാല്‍ ഇവിടെ പ്രശ്‌നം എത്രത്തോളം ഗുരുതരമാണെന്നതിന് ഡാറ്റ അടിസ്ഥാനമാക്കി അഭിപ്രായം പറയാനാവില്ല. നിയമങ്ങള്‍ വളരെ കര്‍ശനമായിരിക്കുകയും, ഉള്ള നിയമങ്ങള്‍ നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന രാജ്യങ്ങളിലെ സ്ഥിതി മേല്പറഞ്ഞതാണെങ്കില്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകരുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

ഇത് കഷ്ടമാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ഒരാളും ഒരു ദിവസവും തൊഴില്‍ സ്ഥലത്ത് അക്രമം നേരിടേണ്ടി വരരുത്. അതൊരു സംസ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. നമ്മുടെ കുട്ടികളെ ആരോഗ്യ രംഗത്തേക്ക് പറഞ്ഞു വിടുന്‌പോള്‍ അവരുടെ തല ആരെങ്കിലും ഇഷ്ടികക്ക് അടിച്ചു പൊട്ടിക്കുമോ എന്ന് പേടിക്കേണ്ട സാഹചര്യം നമുക്കുണ്ടാകരുത്. നിര്‍ഭാഗ്യവശാല്‍ അങ്ങനെയാണ് ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്. ഇത് മാറിയേ പറ്റൂ.

ഞാന്‍ മുന്‍പ് പറഞ്ഞതു പോലെ കേരളത്തിലെ ആയിരക്കണക്കിന് സര്‍ക്കാര്‍ – സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ എത്ര ആളുകള്‍ ഒരു വര്‍ഷം ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് ഇരയാകുന്നു എന്നതിന്റെ കണക്ക് ആരും ശേഖരിക്കുന്നില്ല. അതിനാല്‍ തന്നെ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ഒരു സിസ്റ്റം എന്ന നിലക്കോ സമൂഹം എന്ന നിലക്കോ നാം മനസ്സിലാക്കുന്നുമില്ല. എന്റെ അനവധി ഡോക്ടര്‍ സുഹൃത്തുക്കളില്‍ പലരും എപ്പോഴെങ്കിലുമൊക്കെ വലുതും ചെറുതുമായ ആക്രമണത്തിന് ഇരയായിട്ടുണ്ട്. അവര്‍ പറഞ്ഞതനുസരിച്ച് ഇത്തരം അക്രമങ്ങളെ അഞ്ചായി തിരിക്കാം.

1. മാനസിക അസ്വാസ്ഥ്യമുള്ള രോഗികള്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉപദ്രവിക്കുന്നു.
2. മദ്യത്തിന്റെയോ മയക്കു മരുന്നിന്റെയോ ഉപയോഗം കൊണ്ട് രോഗി അക്രമാസക്തനായി ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നു.
3. രോഗമോ മദ്യമോ ഉപയോഗിച്ചില്ലെങ്കില്‍ പോലും മറ്റ് ഏതെങ്കിലും കാരണം കൊണ്ട് രോഗി ആക്രമിക്കുന്നു.
4. രോഗിയുടെ കൂടെ എത്തിയവര്‍ രോഗിക്ക് ചികിത്സ നല്‍കാത്തതിന്റെ പേരിലോ, നല്‍കിയ ചികില്‍സയുടെ പോരായ്മയുടെ പേരിലോ രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് ആരോഗ്യപ്രവര്‍ത്തകരുടെ പിഴവാണ് എന്ന ധാരണയില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നു.
5. മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ഉപയോഗം കൊണ്ടോ അല്ലാതെയോ രോഗിയുടെ കൂടെ വന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നു.
ഈ പറഞ്ഞതെല്ലാം സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും സംഭവിക്കാമെങ്കിലും, സ്വകാര്യ ആശുപത്രിയില്‍ മാത്രം സംഭവിക്കുന്ന ഒരു പ്രത്യേക പ്രശ്‌നമുണ്ട്. രോഗി മരിക്കുകയോ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയോ ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ ബില്ലടക്കാതെ സ്ഥലം വിടാനുള്ള ഒരു എളുപ്പ വഴിയാണ് എന്തെങ്കിലും പറഞ്ഞു പ്രശ്‌നമുണ്ടാക്കുക എന്നത്. ആശുപത്രിയുടെ സല്‍പ്പേര് ഓര്‍ത്തും ആശുപത്രിയില്‍ അക്രമം ഒഴിവാക്കാനായും മിക്കവാറും ആശുപത്രികള്‍ പണം വേണ്ടെന്ന് വക്കും. ഇതിനായി കരുതിക്കൂട്ടി ഉണ്ടാക്കുന്ന അക്രമങ്ങളുമുണ്ട്.

കാരണം എന്താണെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. ഒരു കാരണവശാലും അംഗീകരിച്ചു കൊടുക്കുകയും ചെയ്യരുത്. എങ്ങനെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ തടയേണ്ടത് എന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര തൊഴില്‍ സംഘടന, വിവിധ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പുകള്‍, നല്ല ആശുപത്രികള്‍ എല്ലാം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ ഒന്ന് കേരളത്തില്‍ ഇല്ലെങ്കില്‍ അതുണ്ടാക്കാനും എല്ലാവരെയും ഈ വിഷയം ബോധവല്‍ക്കരിക്കാനുമായി കല്‍ക്കട്ടയിലെ സംഭവത്തെ നമുക്ക് അവസരമാക്കാം. ഇത്തരം തെമ്മാടിക്കൂട്ടങ്ങള്‍ നമ്മുടെ ആശുപത്രികളിലും വന്നു കയറി ആരോഗ്യ പ്രവര്‍ത്തകരുടെ ജീവിതം അപകടത്തിലാക്കാനുള്ള സാധ്യതയുണ്ട്, അതനുവദിക്കരുത്. ഐ എം എ യോ, സര്‍ക്കാരോ ഇക്കാര്യത്തില്‍ ഒരു മാര്‍ഗ്ഗ നിര്‍ദേശമോ, നിയമമോ, പരിശീലനമോ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതിനായി കൂടുതല്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. തല്‍ക്കാലം കുറച്ചു നിര്‍ദ്ദേശങ്ങള്‍ മാത്രം നല്‍കാം.

1. സീറോ ടോളറന്‍സ്: രോഗികളുടെ ബാഹുല്യം, ഭൗതിക സൗകര്യങ്ങളുടെ കുറവ് തുടങ്ങി ധാരാളം പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടാണ് ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നമ്മെ സേവിക്കുന്നത്. അതിനാല്‍ അവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ സമൂഹത്തിന് സീറോ ടോളറന്‍സ് ഉണ്ടായേ പറ്റൂ. ഒരു കാരണവശാലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അംഗീകരിക്കപ്പെടാന്‍ പാടില്ല. അവര്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കണം.

2. സമയബന്ധിതമായ കടുത്ത ശിക്ഷ: അമേരിക്കയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ സാധാരണ ആളുകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കാള്‍ ഗുരുതരമായ കുറ്റമായിട്ടാണ് നിയമം കണക്കാക്കുന്നത്. ഇന്ത്യയിലും ഇത്തരം നിയമം വരണം. ആശുപത്രിയില്‍ അക്രമമുണ്ടാക്കുന്നവരും ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവരും ഒരു മാസമെങ്കിലും ജാമ്യം കിട്ടാതെ ജയിലില്‍ കിടക്കണം. ഇത്തരം കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കുകയും വേണം. എന്തക്രമം കാണിച്ചാലും രണ്ടാം ദിവസം ജാമ്യത്തിലിറങ്ങാമെന്നും പിന്നെയൊന്നും സംഭവിക്കില്ല എന്നും ഉറപ്പുള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍ അക്രമങ്ങള്‍ കൂടുന്നതില്‍ അതിശയമില്ല.

3. നോ കോംപ്രമൈസ്: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെ ഉണ്ടാകുന്ന അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ ആശുപത്രികള്‍ തന്നെയും, റിപ്പോര്‍ട്ട് ചെയ്താലും കേസാക്കാതിരിക്കാന്‍ പോലീസും, പണം കൊടുത്തോ അല്ലാതെയോ ഒത്തുതീര്‍ക്കാന്‍ രാഷ്ട്രീയപ്രവര്‍ത്തകരും ഇടപെടുന്നത് സാധാരണമാണ്. ഇത് തെറ്റും ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കലുമാണ്. ഇത്തരം കാര്യങ്ങളില്‍ ഒരു കാരണവശാലും ആരും ഒത്തുതീര്‍പ്പ് ചര്‍ച്ചയുമായി അക്രമിക്കപ്പെട്ടവരുടെ അടുത്ത് എത്തരുത്, അവരെ സമ്മര്‍ദ്ദത്തിലാക്കുകയും അരുത്.

4. പൂര്‍ണ്ണ പിന്തുണ: ആക്രമിക്കപ്പെട്ടവര്‍ക്ക് പല തരത്തിലുള്ള പിന്‍തുണയുടെ ആവശ്യമുണ്ട്. ആദ്യമായി അവര്‍ക്ക് വേണ്ട വൈദ്യ സഹായത്തിന് പണം ഒരു പ്രശ്‌നമാകരുത്. ആക്രമണത്തില്‍ പരിക്കേറ്റ് പ്രവര്‍ത്തി ദിനങ്ങള്‍ നഷ്ടപ്പെടുന്നത് പൂര്‍ണ്ണ ശന്പളത്തോടെയുള്ള അവധി ആക്കണം. അക്രമണത്തിനിരയായവര്‍ക്കും കണ്ടു നില്‍ക്കുന്നവര്‍ക്കും വേണ്ടത്ര കൗണ്‍സലിംഗ് കൊടുക്കണം. അനാവശ്യമായ മാധ്യമ ശ്രദ്ധയില്‍ നിന്നും അവരെ മറച്ചു നിര്‍ത്തണം. കേസുമായി മുന്നോട്ടുപോകാനുള്ള പൂര്‍ണമായ നിയമ സഹായവും സാന്പത്തിക സഹായവും അവര്‍ക്ക് കൊടുക്കണം.

5. പരിശീലനം: കേരളത്തില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും ആരോഗ്യപ്രവര്‍ത്തകര്‍ അക്രമണത്തിനിരയാവാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞല്ലോ. അസുഖം, അപകടം, മരണം, സാന്പത്തിക ബാധ്യതകള്‍, സ്‌നേഹ ബന്ധങ്ങള്‍ എന്നിങ്ങനെ ഏറെ വിഷയങ്ങളാണ് ആശുപത്രി വരാന്തയില്‍ ഒരുമിച്ചു വരുന്നത്. അവിടെ രോഗിയുമായോ അവരുടെ ബന്ധുക്കളുമായോ ഇടപെടേണ്ടി വരുന്നവര്‍ക്ക് അക്രമത്തിനിരയാവാനുള്ള റിസ്‌ക് കൂടുതലാണ്. ഇതറിഞ്ഞു വേണം പരിശീലനം നടത്താന്‍. ആക്രമിക്കാന്‍ വരുന്നവരെ അടിച്ചു പരത്താനുള്ള സ്വയരക്ഷ പരിശീലനമല്ല, മറിച്ച് അക്രമ സാഹചര്യങ്ങള്‍ എങ്ങനെ ഒഴിവാക്കാം, എങ്ങനെ അവ മുന്‍കൂട്ടി അറിയാം, കാര്യങ്ങള്‍ ഗുരുതരമാകുന്നതില്‍ നിന്നും എങ്ങനെ തടയാം, കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് കണ്ടാല്‍ എങ്ങനെ സഹായം അഭ്യര്‍ത്ഥിക്കാം, ആരോഗ്യപ്രവര്‍ത്തകന്റെ അവകാശങ്ങള്‍ എന്തൊക്കെയാണ് ഇതെല്ലാം ഡോക്ടര്‍മാരെ പഠിപ്പിക്കണം.

6. അരക്ഷിതമായ സാഹചര്യങ്ങള്‍: ഏത് ആശുപത്രിയില്‍ എപ്പോള്‍ വേണമെങ്കിലും ഇത്തരം സാഹചര്യം ഉണ്ടാകാമെങ്കിലും കൂടുതല്‍ റിസ്‌ക്കുള്ള സ്ഥലങ്ങളും സമയങ്ങളും ഉണ്ട്. രാത്രിയില്‍, അധികം ആളില്ലാത്ത ആശുപത്രികളില്‍, ആക്സിഡന്‍ഡ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തില്‍ (കേരളത്തില്‍ കാഷ്വാലിറ്റി എന്ന് പറയും), ഇരുട്ടുള്ള ഇടനാഴികളില്‍ ഒക്കെയാണ് ആക്രമണ സാധ്യത കൂടുതല്‍. ഇതെല്ലാം അറിഞ്ഞ്, മാറ്റാവുന്ന കാര്യങ്ങള്‍ മാറ്റണം (ഒറ്റക്ക് ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക, രാത്രിയില്‍ എല്ലായിടത്തും നല്ല വെളിച്ചം ഉണ്ടാവുക എന്നിങ്ങനെ).

7. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരേ അപായ സാധ്യത അല്ല ഉള്ളത്. ആഗോള കണക്കുകള്‍ പറയുന്നത് നഴ്‌സുമാരാണ് ഏറ്റവും കൂടുതല്‍ ശാരീരിക അക്രമത്തിന് വിധേയരാകുന്നത് എന്നതാണ്. സ്ത്രീ നഴ്‌സുമാര്‍ അനുഭവിക്കുന്ന ലൈംഗികമായ കൈയേറ്റങ്ങള്‍ കൂട്ടിയിട്ടല്ല ഈ കണക്ക്. എമര്‍ജെന്‍സിയിലുള്ള ഡോക്ടര്‍, മാനസികാരോഗ്യ വാര്‍ഡിലും പുരുഷന്മാരുടെ വാര്‍ഡിലും ജോലി ചെയ്യുന്നവര്‍ ഒക്കെയാണ് കൂടുതല്‍ അക്രമത്തിനിരയാവുന്നത്. ഇവരെ കൂടുതല്‍ ശ്രദ്ധിക്കണം, പരിശീലനവും പിന്തുണയും നല്‍കണം

8. പ്രൊഫഷണല്‍ ഓര്‍ഗനൈസേഷനുകള്‍: ഇന്ത്യയില്‍ ഡോക്ടര്‍മാര്‍ക്ക് ഒരുവിധം ശക്തമായ പ്രൊഫഷണല്‍ അസോസിയേഷനുകള്‍ ഉണ്ട്. കേരളത്തില്‍ നേഴ്സുമാര്‍ക്കും ആയി വരുന്നു. ആശുപത്രിയിലെ മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ ഒട്ടും സംഘടിതരല്ല. ആരോഗ്യരംഗത്തെ അക്രമങ്ങളെ എല്ലാവരും ഒരുമിച്ച് എതിരിട്ടേ പറ്റൂ. പ്രൊഫഷണല്‍ സംഘടനകള്‍ ഇക്കാര്യത്തില്‍ പ്രത്യേകം താല്പര്യമെടുക്കണം.

9. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങള്‍: ആശുപത്രിയിലെ സുരക്ഷക്ക് സാധിക്കുന്‌പോഴെല്ലാം പ്രൊഫഷണലായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടാകണം. അവര്‍ക്ക് പോലീസുമായി നേരിട്ട് ബന്ധവും എപ്പോള്‍ വേണമെങ്കിലും പോലീസിനെ വിളിക്കാനുള്ള സംവിധാനവും വേണം. എത്ര ചെറിയ ആശുപത്രി ആണെങ്കിലും അകത്തും പുറത്തും സി സി ടി വി നിര്‍ബന്ധമാക്കണം. ഒരു ബഡ്ഡി സംവിധാനം ആശുപത്രിയില്‍ ഉണ്ടാകണം, അതായത് ആക്രമണ സാധ്യതയുള്ള സ്ഥലത്ത്/സാഹചര്യത്തില്‍ ഒറ്റക്ക് ജോലി ചെയ്യരുത്. കൂടെയുള്ള ആള്‍ ഡോക്ടറോ നേഴ്സോ ആകണമെന്നില്ലെങ്കിലും മറ്റുള്ളവരുടെ നോട്ടത്തില്‍ നമ്മള്‍ ഒറ്റക്കാണെന്ന് തോന്നരുത്.

10. ഇന്‍ഷുറന്‍സ് നിര്‍ബന്ധം: ഞാന്‍ ഈ പറഞ്ഞ കാര്യങ്ങളെല്ലാം നല്ലതും നടപ്പിലാക്കാവുന്നതും ലോകത്ത് ധാരാളം പ്രദേശങ്ങളില്‍ നടപ്പിലുള്ളതും ആണ്. കുറെയൊക്കെ കേരളത്തിലുമുണ്ടെങ്കിലും, അക്രമികള്‍ക്ക് ഇരട്ടി ശിക്ഷ പോയിട്ട് എന്തെങ്കിലും ഒരു ശിക്ഷ കിട്ടുമെന്ന് പോലും പ്രതീക്ഷിക്കേണ്ട. അക്രമം നടന്നാല്‍ ഉടന്‍ കോംപ്രമൈസിന് രാഷ്ട്രീയക്കാര്‍ തൊട്ട് ആശുപത്രിക്കാര്‍ വരെ വരും. അതുകൊണ്ടൊക്കെത്തന്നെ നമുക്ക് ചെയ്യാവുന്ന ഒരു കാര്യമുണ്ട്. നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും കുടുംബത്തിന്റെ സുരക്ഷക്കുമായി നല്ല ഇന്‍ഷുറന്‍സുകള്‍ എടുത്തുവെക്കുക. എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ക്കും കുടുംബത്തിനും നിങ്ങള്‍ മാത്രമേ കാണൂ.

സുരക്ഷിതരായിരിക്കുക. കല്‍ക്കട്ടയിലെ ഡോക്ടര്‍മാരോട് ഒരിക്കല്‍ കൂടി ഐക്യ ദാര്‍ഢ്യം, കേരളത്തില്‍ അക്രമങ്ങള്‍ക്കെതിരെ നിയമവും പരിശീലനവും ഉണ്ടാക്കുന്നതിന് പൂര്‍ണ്ണ പിന്തുണ.

മുരളി തുമ്മാരുകുടി

Exit mobile version