ആക്രമിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തയാള്‍ക്കെതിരെ പരാതി നല്‍കി; വനിതാ ഡോക്ടര്‍ക്കെതിരെ വധഭീഷണി

കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്‌തെന്നായിരുന്നു ഡോക്ടറുടെ പരാതി

പാലക്കാട്: കാര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തയാള്‍ക്കെതിരെ പരാതി നല്‍കിയ വനിതാ ഡോക്ടര്‍ക്കെതിരെ വധഭീഷണി. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് സംഭവം. കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്‌തെന്നായിരുന്നു ഡോക്ടറുടെ പരാതി.

മലപ്പുറത്തെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന പട്ടാമ്പി സ്വദേശിനിയായ ഡോക്ടര്‍ക്കെതിരെയാണ് നടുറോഡില്‍ വെച്ച് ആക്രമണമുണ്ടായത്. ഇടുങ്ങിയ റോഡിന് നടുവില്‍ ബൈക്ക് നിര്‍ത്തി മറ്റൊരാളോട് സംസാരിക്കുകയായിരുന്നു യുവാവ്. ഹോണ്‍ മുഴക്കിയപ്പോള്‍ പ്രകോപിതനായ ഇയാള്‍ ബൈക്കില്‍ നിന്നും ഇറങ്ങി വന്ന് തന്നെ ആക്രമിക്കുകയും ചോദ്യം ചെയ്തപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിക്കുകയുമായിരുന്നെന്ന് ഡോക്ടര്‍ പരാതിയില്‍ പറയുന്നു.

മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്നെയും കുടുംബത്തെയും പ്രതിയും സഹോദരനും ചേര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ബലാത്സംഗം ചെയ്യുമെന്നും ലോറി ഇടിപ്പിച്ച് കൊല്ലുമെന്നും പറഞ്ഞതായും ഡോക്ടര്‍ പറഞ്ഞു. കൂടാതെ സംഭവത്തില്‍ കേസ് നല്‍കാനെത്തിയ തന്നെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പോലീസുകാര്‍ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ പുഴയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഹീര്‍(31) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

Exit mobile version