കൊല്ലം കരുനാഗപ്പള്ളിയില്‍ വന്‍ തീപിടുത്തം; ഷോപ്പിങ് കോംപ്ലക്‌സും ഫാന്‍സി സെന്ററും കത്തിനശിച്ചു, കോടി രൂപയുടെ നഷ്ടം

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ ഷോപ്പിങ് കോംപ്ലക്‌സിന് തീപിടിച്ചു. എഎം ഹോസ്പിറ്റലിന് സമീപമുള്ള കോംപ്ലക്‌സിലാണ് തീപിടുത്തമുണ്ടായത്. ഷോപ്പിങ് കോംപ്ലക്‌സും അതിന്റെ മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാന്‍സി സെന്ററും പൂര്‍ണ്ണമായും കത്തി നശിച്ചു. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സമീപത്തെ ആശുപത്രിയില്‍ നിന്ന് രോഗികളെ കൃത്യസമയത്ത് ഒഴിപ്പിക്കാനായത് വലിയ ദുരന്തത്തില്‍ നിന്ന് കരകയറാനായി.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന ഫാന്‍സി സെന്ററില്‍ നിന്നാണ് തീ പടര്‍ന്ന് പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് രണ്ട് കടകളിലായി ഇറക്കിയത്. തീപിടുത്തത്തില്‍ ഇവ പൂര്‍ണ്ണമായും കത്തി നശിച്ചു. ഷോപ്പിങ് കോംപ്ലക്സിന് സമീപമുള്ള എഎം ഹോസ്പിറ്റലിലേക്ക് തീ വ്യാപിക്കാതിരിക്കാനുള്ള നടപടിയാണ് ആദ്യം സ്വീകരിച്ചത്.

കരുനാഗപ്പള്ളി, ചവറ, കൊല്ലം, ശാസ്താംകോട്ട, കായംകുളം, കൊട്ടാരക്കര നിലയങ്ങളിലെ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. മൂന്നുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപ്പിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

Exit mobile version