ആ സ്വപ്‌നം സഫലമായി: സൂസനും സന്ദീപും ഇനി ജീവിതത്തില്‍ ഒന്നിച്ച്

കണ്ണൂര്‍: വിവാഹ ഫോട്ടോഷൂട്ടിലൂടെ താരമായ സൂസന്റെ സ്വപ്‌നം സഫലമായി, സൂസന്‍ ഇനി സന്ദീപിന്റെ നല്ലപാതിയായി. ദേഹമാസകലം പൊള്ളലേറ്റിട്ടും തളരാതെ ആത്മ വിശ്വാസത്തോട ജീവിതത്തില്‍ മുന്നേറിയ സൂസന്‍ തോമസ് വിവാഹിതയായി.

കൊറിയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന സന്ദീപ് സെബാസ്റ്റ്യനാണ് വരന്‍. കണ്ണൂരില്‍ വച്ച് നടന്ന വിവാഹ ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

8 മാസം മുമ്പ് ഫേസ്ബുക്ക് വഴിയാണ് സൂസനും സന്ദീപും പരിചയപ്പെട്ടത്. വിഡിയോകളിലൂടെ സൂസനെ ആദ്യമായി കണ്ട സന്ദീപ് പിന്നീട് വിവാഹം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. വളരെ സന്തോഷമുണ്ടെന്നും ജീവിതത്തില്‍ കല്യാണം നടക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നും സൂസന്‍ വിവാഹത്തിന് ശേഷം പറഞ്ഞു. സൂസന്റെ വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല.

കുമളിയിലെ ധ്യാന കേന്ദ്രത്തില്‍ വച്ചാണ് സൂസന് പൊള്ളലേറ്റത്. 40 ദിവസത്തോളം ഐസിയുവിലായിരുന്ന സൂസന്‍ മനക്കരുത്ത് കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വരുകയായിരുന്നു.

മുഖത്തും കഴുത്തിനും ഉള്‍പ്പെടെ സൂസന് സാരമായി പൊള്ളലേറ്റിരുന്നു. നാല്‍പത് ദിവസത്തോളം സൂസന്‍ ഐസിയുവില്‍ കഴിഞ്ഞു. ഇതിനിടെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ അവധിയില്‍ പോയത് ചികിത്സയെ ഏറെ ബാധിച്ചു. കൈവിരലുകളില്‍ പഴുപ്പ് കയറി. ജീവഹാനിക്ക് സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതര്‍ സൂസന്റെ ബന്ധുക്കളെ അറിയിച്ചു.

തുടര്‍ന്ന് സൂസനെ മുണ്ടക്കയം മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. അവിടത്തെ 56 ദിവസം നീണ്ടുനിന്ന ചികിത്സ സൂസനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.

Exit mobile version