ശബരിമല കതിന അപകടത്തിൽ ഒരു മരണം കൂടി; ജീവിതത്തിലേയ്ക്ക് തിരികെ എത്തുമെന്ന പ്രതീക്ഷകളെ തെറ്റിച്ച് രജീഷ് യാത്രയായി

കോട്ടയം: ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെ വെടിമരുന്ന് കത്തിയുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. 48 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്ത് അഞ്ചാംവാർഡിൽ പാലക്കുന്നുമോടി കിഴക്കേച്ചരുവിൽ രജീഷ് ആണ് മരണത്തിന് കീഴടങ്ങിയത്. 35 വയസായിരുന്നു.

ജനുവരി രണ്ടിന് വൈകീട്ട് അഞ്ചിന് മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപമുള്ള വെടിവഴിപാട് സ്ഥലത്ത് കതിന നിറയ്ക്കുമ്പോഴാണ് പൊട്ടിത്തെറിച്ച് തീ പടർന്നത്. രജീഷിനൊപ്പം പരിക്കേറ്റ ചെറിയനാട് തോന്നയ്ക്കൽ ആറ്റുവാശ്ശേരി വടക്കേതിൽ എ.ആർ.വിജയകുമാർ(47) ജനുവരി ആറിന് മരിച്ചിരുന്നു. വിജയകുമാറിന് 70 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.

ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന അമൽ (28) ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്. മുഖം, കഴുത്ത്, നെഞ്ച് എന്നിവിടങ്ങളിലാണ് രജീഷിന് പൊള്ളലേറ്റത്. രാസവസ്തുക്കൾ അടങ്ങിയ പുക ഉള്ളിൽച്ചെന്നത് സ്ഥിതി മോശമാക്കി. പൊള്ളലേറ്റ ഭാഗത്ത് ചർമം വെച്ചുപിടിപ്പിക്കുന്നതിന് പ്ലാസ്റ്റിക് സർജറിയുടെ പ്രാഥമികഘട്ടം ചെയ്‌തെങ്കിലും കുടലിലും മറ്റും അണുബാധ രൂക്ഷമായത് തുടർചികിത്സയ്ക്ക് വില്ലനായി.

ജീവിതത്തിലേയ്ക്ക് മടങ്ങുമെന്ന പ്രതീക്ഷ ലഭിച്ച് ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി രാജേഷ് ലോകത്തോട് വിടപറഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. രഘുനാഥനാണ് രജീഷിന്റെ അച്ഛൻ. അമ്മ: ഓമന. ഭാര്യ: പ്രശാന്തി. മക്കൾ: അനുശ്രീ, ആദിശ്രീ.

Exit mobile version