മഴ കനത്തു; കേരള എക്‌സ്പ്രസ് ചോര്‍ന്നൊലിച്ചു;ചെയിന്‍ വലിച്ച് യാത്രക്കാര്‍

തീവണ്ടിക്കുള്ളില്‍ വെള്ളം കയറി നിറഞ്ഞതോടെ നനഞ്ഞ യാത്രക്കാര്‍ പരാതിയുമായി സ്‌റ്റേഷന്‍ അധികൃതരെ സമീപിച്ചു

കൊച്ചി: കനത്ത മഴയില്‍ നനഞ്ഞ് കുളിച്ച് കേരള എക്‌സ്പ്രസിലെ യാത്രക്കാര്‍. ഞായറാഴ്ച മഴ കനത്തതോടെ തീവണ്ടിയുടെ ഉള്ളിലാകെ ചോര്‍ന്നൊലിക്കുകയായിരുന്നു. തീവണ്ടിക്കുള്ളില്‍ വെള്ളം കയറി നിറഞ്ഞതോടെ നനഞ്ഞ യാത്രക്കാര്‍ പരാതിയുമായി സ്‌റ്റേഷന്‍ അധികൃതരെ സമീപിച്ചു. എന്നാല്‍ 88 കിലോമീറ്ററോളം യാത്ര തുടര്‍ന്നതിനു ശേഷമാണ് പരിഹാരം കാണാന്‍ കഴിഞ്ഞത്.

മഴ ശക്തമായതിനാല്‍ രണ്ടു മണിക്കൂറോളം വൈകിയാണ് തീവണ്ടി യാത്രയായത്. തിരുവല്ലയില്‍ എത്തിയപ്പോള്‍ മുതല്‍ ശക്തമായ മഴ തുടങ്ങിയിരുന്നതായി യാത്രക്കാരനായ ചെങ്ങന്നൂര്‍ സ്വദേശി ജെയിംസ് പറഞ്ഞു. കമ്പാര്‍ട്ട്‌മെന്റിലേക്ക് മുകളില്‍നിന്ന് ശക്തമായി വെള്ളം ഒലിച്ചിറങ്ങാന്‍ തുടങ്ങിയതോടെ കോട്ടയം റെയില്‍വെ സ്‌റ്റേഷനിലെത്തിയപ്പോള്‍ അധികൃതരെ കാര്യം അറിയിച്ചു. എന്നാല്‍ ട്രെയിന്‍ വൃത്തിയാക്കാന്‍ ജീവനക്കാരില്ല എന്നായിരുന്നു ഇവരുടെ മറുപടി.

പിന്നീട് യാത്ര തുടര്‍ന്ന ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴും പ്രശ്‌നം പരിഹരിക്കുകയോ വെള്ളം വൃത്തിയാക്കുകയോ ചെയ്യാത്തതിനാല്‍ യാത്രക്കാരില്‍ ഒരാള്‍ ചെയിന്‍ വലിച്ച് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നോര്‍ത്ത് സ്റ്റേഷനില്‍ എത്തി എന്‍ജിനീയറിങ് വിഭാഗവും ക്ലീനിങ് വിഭാഗവും ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ജെയിംസ് പറഞ്ഞു.

മഴയെ തുടര്‍ന്ന് തീവണ്ടിയുടെ എസി ഇന്റേണല്‍ പൈപ്പിലുണ്ടായ കേടുപാടാണ് ചോര്‍ച്ചയ്ക്ക് കാരണമായതെന്ന് റെയില്‍വെ അധികൃതര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Exit mobile version