എന്‍സിപിയുമായുള്ള ലയനം, കേരളാ കോണ്‍ഗ്രസ് ബിയില്‍ ഭിന്നത..! യോഗം ബഹിഷ്‌കരിച്ച് ഗണേഷ്‌കുമാര്‍ ഇറങ്ങിപോയി

കോഴിക്കോട്: എന്‍സിപിയുമായുള്ള കേരളാ കോണ്‍ഗ്രസ് ബിയുടെ ലയനത്തെ ചൊല്ലി പാര്‍ട്ടിക്കകത്ത് ഭിന്നത രൂക്ഷം. ലയന തീരുമാനവുമായി മുന്നോട്ട് പോകാനുള്ള ഉന്നതാധികാര സമിതിയുടെ തീരുമാനനത്തെ ഗണേഷ് കുമാര്‍ എംഎല്‍എ നിരസിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് ഗണേഷ് കുമാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഈ ലയന തീരുമാനം പാര്‍ട്ടിയുടെ അസ്ഥിത്വം ഇല്ലാതാക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

മലബാറിലെ ചില ജില്ലാ കമ്മിറ്റികളുടെ പിന്തുണയും ഗണേഷിന് ലഭിച്ചു. എന്നാല്‍ ലയനം വേണമെന്ന നിലപാടില്‍ ആര്‍ ബാലകൃഷ്ണപിള്ള ഉറച്ചു നില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍. പാര്‍ട്ടിയുടെ ശക്തി മുന്നണിയെ ബോധിപ്പിക്കാന്‍ കഴിയണം. മുന്നണിപ്രവേശനം സാധ്യമാക്കേണ്ടത് ഇങ്ങനെയാണ്. അല്ലാതെയുള്ള ലയനം പാര്‍ട്ടിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് ഗണേഷ് കുമാര്‍ എംഎല്‍എയുടെ നിലപാട്.

ഇതോടെ സമ്മേളനത്തിന് ശേഷമുള്ള ഉന്നതാധികാര സമിതി യോഗത്തിന് നിക്കാതെ ഗണേഷ് കുമാര്‍ മടങ്ങി. ലയന തീരുമാനവുമായി മുന്നോട്ട് പോവാനാണ് ഉന്നതാധികാര സമിതി യോഗത്തിലെ തീരുമാനം. എന്‍സിപിയുമായുള്ള ചര്‍ച്ചകള്‍ക്കായി നാലംഗ സമിതിയെ നിയോഗിച്ചതായി ബാലകൃഷ്ണപിള്ള അറിയിച്ചു.

എന്നാല്‍ ബാലകൃഷ്ണപിള്ളയുടെ കോണ്‍ഗ്രസ് ബിയുമായുള്ള ലയനത്തിനെതിരെ എന്‍സിപിക്കുള്ളില്‍ ഭിന്നതയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചര്‍ച്ചക്കായി തോമസ് ചാണ്ടി, ടിപി പീതാംബരന്‍, എകെ ശശീന്ദ്രന്‍ എന്നിവരെ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്‍സിപി കേരളാ കോണ്‍ഗ്രസ് ഉപസമിതികള്‍ ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.

Exit mobile version