ബിജെപിക്ക് വോട്ട് ചെയ്തില്ല, കേരളത്തിനേറ്റ ശാപമാണ് നിപ്പ എന്ന് സംഘപരിവാര്‍ പ്രചാരണം, കേരളം ഒറ്റക്കെട്ടായി അതിജീവിച്ചെന്ന് മറുപടി നല്‍കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ബിജെപിക്ക് വോട്ട് ചെയ്യാത്ത കേരളത്തിനേറ്റ ശാപമാണ് നിപ്പ വൈറസ് എന്നാണ് വടക്കേ ഇന്ത്യന്‍ സംഘപരിവാര്‍ അനുകൂലികള്‍ ആരോപിക്കുന്നത്. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാ നിരക്ക്, ആരോഗ്യമേഖലയിലുള്ള മുന്നേറ്റം എന്നിവയെയും സംഘപരിവാരബന്ധുക്കള്‍ പരിഹസിക്കുന്നു. എന്നാല്‍ ഒന്നല്ല രണ്ടു വട്ടം കേരളം നിപ്പയെ അതിജീവിച്ചെന്ന് സോഷ്യല്‍മീഡിയ തിരിച്ചും മറുപടി നല്‍കുന്നുണ്ട്.

അറേബ്യയില്‍നിന്നുള്ള ഈന്തപ്പഴത്തില്‍നിന്നാണ് വൈറസ് വരുന്നതെന്ന് ചിലര്‍. ‘ഉന്നത വിദ്യാഭ്യാസം’ നേടിയ ആളുകളുടെ തലച്ചോറില്‍നിന്നാണ് ഈ വൈറസ് ഉണ്ടാകുന്നതെന്ന അധിക്ഷേപവും കമന്റുകളില്‍ ഉണ്ട്. ഒരു രോഗത്തെ നേരിടുന്ന സംസ്ഥാനത്തിനെ അധിക്ഷേപിക്കുന്നത് മാന്യതയല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.

എന്നാല്‍ സംഘപരിവാറിന്റെ ഈ ആക്രമണം ഇതാദ്യമല്ല. പ്രളയം ഉണ്ടായ സമയത്തും ആദ്യതവണ നിപ്പ ഉണ്ടായപ്പോഴും സംഘികള്‍ വ്യാജ പ്രചരണം നടത്തുകയും കേരളത്തെ പരിഹസിക്കുകയും ചെയ്തിരുന്നു. പ്രളയത്തില്‍ ദുരിതത്തിലായ മലയാളികളെ സഹായിക്കേണ്ടതില്ലെന്നും അവര്‍ സമ്പന്നരാണെന്നും വ്യാപകമായി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ബിജെപി ഐടി സെല്‍ അംഗം മലയാളിയായ സുരേഷ് കൊച്ചാട്ടിലിന്റെ സന്ദേശം വന്‍വിവാദവുമായി.

Exit mobile version