നിപ്പായില്‍ ആശങ്ക ഒഴിഞ്ഞെങ്കിലും കരുതലോടെ ആരോഗ്യ വകുപ്പ്

പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആളിനും നിപ്പാ ഇല്ലെന്ന് കണ്ടെത്തിയതോടെആശ്വാസകരമായ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.

കൊച്ചി: കേരളത്തില്‍ നിപ്പാ വൈറസ് ബാധയില്‍ ആശങ്ക ഒഴിയുന്നു. പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആളിനും നിപ്പാ ഇല്ലെന്ന് കണ്ടെത്തിയതോടെആശ്വാസകരമായ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. അതേസമയം, ജൂലൈ പകുതിവരെ നിരീക്ഷണം തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

നിരീക്ഷണത്തിലുള്ള ഏഴ് പേരുടേയും സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ലാബിലും പൂനെ വൈറോളജി ലാബിലും പരിശോധിച്ചപ്പോള്‍ നെഗറ്റീവ് ആയിരുന്നു ഫലം. എന്നാല്‍ ഇതില്‍ ഒരാളുടെ റിപ്പോര്‍ട്ടില്‍ നേരിയ വ്യക്തത കുറവുണ്ടെന്നും ഇത് പൂനെ ലാബില്‍ പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ അറിയിച്ചു.

നിപ്പാ സ്ഥിരീകരിച്ച പോളിടെക്നിക് വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന 318 പേരാണ് നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 41 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണുള്ളത്. അതേസമയം, ചികിത്സയിലുള്ള യുവാവിന്റെ നിലയില്‍ കാര്യമായ പുരോഗതിയാണുള്ളത്. ഇയാള്‍ വ്യാഴാഴ്ച മാതാപിതാക്കളുമായി ഇന്റര്‍കോമിലൂടെ സംസാരിച്ചിരുന്നു.

Exit mobile version