പുതുക്കാട് സെന്ററില്‍ സിഗ്നല്‍ തെറ്റിച്ച് അപകടമുണ്ടാക്കി; ആഢംബര ബൈക്കില്‍ പാഞ്ഞ യാത്രികന്റെ ഷര്‍ട്ടിന് കുത്തിപിടിച്ച് യുവതി!

അപകടത്തില്‍പ്പെട്ട് നടുറോഡില്‍ വീണിട്ടും ആത്മധൈര്യത്തോടെ യുവാവിനെ കീഴടക്കിയ ഡ്യൂണയെ നാട്ടുകാരും പോലീസും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു

പുതുക്കാട്: ദേശീയപാതയില്‍ പുതുക്കാട് സെന്ററില്‍ സിഗ്നല്‍ തെറ്റിച്ച് അപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന്റെ ഷര്‍ട്ടിന് കുത്തിപിടിച്ച് യുവതി. ആമ്പല്ലൂര്‍ എരിപ്പോട് വെളുത്തൂക്കാരന്‍ നിയോണിന്റെ ഭാര്യ ഡ്യൂണയാണ് അപ്രതീക്ഷിതമായി പ്രതികരിച്ചത്. അപകടമുണ്ടാക്കിയിട്ടും ആരും പ്രതികരിക്കാതെ വന്നതോടെ യുവതി യുവാവിനെതിരെ പ്രതികരിക്കുകയായിരുന്നു.

അമിതവേഗത്തില്‍ സിഗ്‌നല്‍ തെറ്റിച്ചെത്തിയ ആഡംബര ബൈക്ക് ഡ്യൂണയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. നിലത്തുവീണ യുവതിയെ സഹായിക്കാന്‍ പോലും നില്‍ക്കാതെ വെണ്ടോര്‍ സ്വദേശിയായ യുവാവ് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. വീണിടത്ത് നിന്ന് ഡ്യൂണ ചാടിയെഴുന്നേറ്റ് ബൈക്ക് തടഞ്ഞ് യുവാവിന്റെ ഷര്‍ട്ടില്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു.

ഇതോടെ നാട്ടുകാരും തടിച്ചുകൂടി. തുടര്‍ന്ന് പുതുക്കാട് എസ്‌ഐ മണികണ്ഠന്‍ സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. അപകടത്തില്‍പ്പെട്ട് നടുറോഡില്‍ വീണിട്ടും ആത്മധൈര്യത്തോടെ യുവാവിനെ കീഴടക്കിയ ഡ്യൂണയെ നാട്ടുകാരും പോലീസും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. പുതുക്കാട് പ്രവര്‍ത്തിക്കുന്ന സഹകരണസംഘത്തിലെ ജീവനക്കാരിയാണ് ഡ്യൂണ.

Exit mobile version