നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍; പ്രധാനമന്ത്രി ആയതിന് ശേഷമുള്ള ആദ്യ പൊതുയോഗം തൃശ്ശൂര്‍! സുരക്ഷ ശക്തം

വൈകീട്ട് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നാളെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനവും ബിജെപിയുടെ പൊതുയോഗവും കഴിഞ്ഞാവും മടങ്ങുക.

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഡി കേരളത്തിലെത്തുന്നത്. വൈകീട്ട് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നാളെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനവും ബിജെപിയുടെ പൊതുയോഗവും കഴിഞ്ഞാവും മടങ്ങുക.

ഇന്ന് രാത്രി കൊച്ചിയില്‍ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ കൊച്ചിയില്‍ നിന്ന് ഹെലികോപ്ടറില്‍ തൃശ്ശൂരിലേക്ക് പുറപ്പെടും. 9.45ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡില്‍ ഇറങ്ങും. തുടര്‍ന്ന് റോഡ് മാര്‍ഗം ശ്രീവല്‍സം ഗസ്റ്റ് ഹൗസിലേക്ക് പോകും. 10 മണിക്ക് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനിറങ്ങും. തുലാഭാരം, കളഭച്ചാര്‍ത്ത് ഉള്‍പ്പെടെയുളള വഴിപാടുകള്‍ നടത്താനാണ് ദേവസ്വം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

താമരപ്പൂ കൊണ്ട് തുലാഭാരം നടത്തണമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസ് പറഞ്ഞു. ഒരു ഉരുളി നെയ്യ് മോഡി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിക്കും. മുഴുക്കാപ്പ് കളഭച്ചാര്‍ത്ത് വഴിപാടും നടത്തണമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗുരുവായൂരില്‍ ലോഡ്ജുകളില്‍ മുറിയെടുക്കുന്നവരുടെ എല്ലാ വിവരങ്ങളും ശേഖരിക്കണമെന്ന് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദര്‍ശനത്തോടനുബന്ധിച്ച് ഗുരുവായൂരിലും പരിസരത്തും കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

തുടര്‍ന്ന് നാളെ 11.25ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയതിനു ശേഷമുളള ആദ്യത്തെ പൊതുയോഗമാണ് ഇത്. ശബരിമല പ്രശ്‌നത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതുള്‍പ്പെടെയുളള എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതീക്ഷ. ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങും.

Exit mobile version