യുണീക്ക് ഐഡിന്റിഫിക്കേഷന്‍ നമ്പര്‍ ലഭിക്കാന്‍ ഇനി എത്ര നാള്‍ കാത്തിരിക്കണം, രാവിലെ മുതല്‍ ഗര്‍ഭിണികളടക്കം കാത്തു നിന്നത് വെറുതെ ആയി, അധികൃതര്‍ ശ്രദ്ധിക്കുന്നതു പോലുമില്ല, നിരാലംബരായ നഴ്‌സുമാരുടെ വീഡിയോ വൈറലായി

പത്തനംതിട്ട: പത്തനംതിട്ടയിലെ ഒരു കൂട്ടം നഴ്‌സുമാരുടെ പ്രശ്‌നമാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. നഴ്‌സുമാര്‍ ഇപ്പോള്‍ യുഎന്‍എയുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ്. എന്‍യുഐഡി രജിസ്ട്രേഷന് ദിവസങ്ങളായി കാത്തുനിന്നിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് നഴ്സുമാര്‍ പ്രശ്നം പൊതുസമൂഹത്തെ അറിയിച്ചത്.

പത്തനംതിട്ട ജില്ലയിലെ നഴ്സുമാര്‍ക്ക് യുണീക്ക് ഐഡിന്റിഫിക്കേഷന്‍ നമ്പര്‍ ലഭിക്കാനായി
അടൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്താനായിരുന്നു നിര്‍ദേശം. ഇതിനെ തുടര്‍ന്നാണ് പത്തനംതിട്ട പരിസരത്തുള്ള നഴ്‌സുമാര്‍ ഇവിടെ എത്തിയത്. എന്നാല്‍ ബന്ധപ്പെട്ടവര്‍ ആരും എത്തിയില്ലെന്നാണ് ഇവരുടെ പരാതി. ലീവെടുത്ത് പുലര്‍ച്ചെ മുതല്‍ പലരും കുഞ്ഞുങ്ങളുമായി വന്നാണ് ഇവിടെ കാത്തിരിക്കുന്നത്. ആരും വരാതായതോടെയാണ് ഇവര്‍ ആശങ്കയും പ്രതിഷേധവും ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.

യുഎന്‍എ പ്രശ്നത്തില്‍ ഇടപെട്ട് ഇതിന് ഒരു പ്രതിവിധി ഉണ്ടാക്കിത്തരണം എന്നാണ് നഴ്സുമാര്‍ ലൈവിലൂടെ ആവശ്യപ്പെടുന്നത്. ജൂണ്‍ 15 ആണ് രജിസ്ട്രേഷന് നല്‍കിയിരിക്കുന്ന അവസാന തിയ്യതി. എത്രദിവസം ഇങ്ങനെ ജോലി കളഞ്ഞ് വന്ന് കാത്തുനില്‍ക്കാന്‍ കഴിയും എന്നാണ് നഴ്സുമാര്‍ ചോദിക്കുന്നത്. 200 ഓളം നഴ്സുമാര്‍ ഇത്തരത്തില്‍ ഇന്നുമാത്രം ഇവിടെവന്ന് കാത്തുനില്‍ക്കുന്നത്. ഇന്ന് ഇവിടെ എത്താനാണ് പറഞ്ഞിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ ആരും എത്തിയില്ല എന്നാണ് നഴ്സുമാരുടെ പരാതി. യുണീക്ക് ഐഡന്റിഫിക്കേഷന്‍ ലഭിക്കാതിരുന്നാല്‍ ഇത് ജോലിയെ ബാധിക്കുമോ എന്നും ഇവര്‍ ഭയപ്പെടുന്നുണ്ട്.

അതേസമയം നഴ്‌സുമാരുടെ ഈ അവസ്ഥ ഏറെ പരിതാപകരമാണെന്നും യാതൊരു പ്ലാനിംഗും ഇല്ലാതെ കഴിവുകെട്ട രീതിയിലാണ് എന്‍യുഐഡി രജിസ്‌ട്രേഷന്‍ നടത്തുന്നത് എന്ന് യുഎന്‍എ പ്രതികരിച്ചു. മാത്രമല്ല രജിസ്‌ട്രേഷന്റെ അവസാന തീയ്യതി ജൂണ്‍ 15 എന്ന് പ്രഖ്യാപിച്ചിട്ട് അത് കഴിഞ്ഞാല്‍ അവസരം നല്‍കില്ലായെന്ന് നേഴ്‌സിംഗ് രജിസ്ട്രാര്‍ രേഖാമൂലം ഉത്തരവ് ഇറക്കുമ്പോള്‍ അത് കുറ്റമറ്റ രീതിയില്‍ നടക്കുന്നുണ്ട് എന്ന് കൂടി ഉറപ്പ് വരുത്തേണ്ടതായിരുന്നു എന്നും യുഎന്‍എ കൂട്ടിച്ചേര്‍ത്തു.

ഒരു ദിവസം പരമാവധി 30 പേരെയാണ് എന്റോള്‍ ചെയ്യാന്‍ അനുവദിക്കുക. വിദൂര സ്ഥലങ്ങളില്‍ നിന്നു പോലും നഴ്‌സുമാര്‍ അതിരാവിലെ വന്ന് ക്യൂ നിന്ന് നിരാശരായി പോകുന്നത് അനുവദിക്കാന്‍ സാധിക്കില്ല എന്നും യുഎന്‍എ പറഞ്ഞു. ഇതിനുപുറമെ അടിയന്തിരമായി അവസാന തീയ്യതി നീട്ടാന്‍ രജിസ്ട്രാര്‍ തയ്യാറാകണമെന്നും മൂന്നര ലക്ഷത്തോളം നഴ്‌സുമാരുടെ ആശങ്ക പരിഹരിക്കണമെന്നും യുഎന്‍എ ചൂണ്ടികാണിച്ചു.
അല്ലാത്ത പക്ഷം ഈ വിഷയമുയര്‍ത്തി പ്രക്ഷോഭവും നിയമപോരാട്ടവും നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും എന്നും യുഎന്‍എ പറഞ്ഞു.

Exit mobile version