കേരളം നിപ്പാ മുക്തമാക്കും, ഗവേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കും; നിലവില്‍ പുറത്ത് വരുന്നത് ഏറെ ആശ്വാസകരമായ വാര്‍ത്തകളാണെന്ന് മുഖ്യമന്ത്രി

കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊച്ചി: നിപ്പാ രോഗബാധയെ സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് വരുന്നത് ഏറെ ആശ്വാസകരമായ വാര്‍ത്തകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്നും രണ്ട് വര്‍ഷങ്ങളായി സംസ്ഥാനത്ത് നിപ്പാ വൈറസ് ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് ഗവേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിപ്പാ രോഗം ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്ന ആറ് പേരുടെ പരിശോധനാ ഫലം പൂനെ വൈറോളജി ലാബില്‍ നിന്നു ലഭിച്ചിട്ടുണ്ടെന്നും പരിശോധനാ ഫലമെല്ലാം നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ മറ്റുചിലര്‍ വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനാല്‍ സംസ്ഥാനത്ത് തുടരുന്ന ജാഗ്രതാ നടപടികള്‍ അവസാനിക്കുന്നില്ല. ഇതിനെ പറ്റി ഗവേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമെ നിപ്പാ പൂര്‍ണ്ണമായി മുക്തമാകുകയുള്ളൂ. ഇതിന് കേന്ദ്ര സര്‍ക്കാരിനോടും ഗവേഷണം നടത്തണമെന്നാവശ്യപ്പെടും.

നിപ്പാ രോഗത്തിന് രണ്ടുവര്‍ഷമായി കാരണക്കാരായി കാണുന്നത് പഴം തീനി വവ്വാലുകളാണ്. കഴിഞ്ഞ തവണ നടത്തിയ പരിശോധനകളില്‍ വൈറസുള്ള വവ്വലാകുളെ കണ്ടെത്തിയിരുന്നു. അതിനാല്‍ ഏത് ഘട്ടത്തിലാണ് വവ്വാലുകള്‍ വൈറസ് വാഹകരാവുന്നതെന്നും എത്രത്തോളം സമയം അവരുടെ ദേഹത്ത് വൈറസ് നിലനില്‍ക്കുമെന്നും തുടങ്ങി ഇതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ ഗവേഷണങ്ങളിലൂടെ കണ്ടെത്തേണ്ടതായുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version