പുതിയ അധ്യയനവര്‍ഷാരംഭം നാളെ; ചരിത്രത്തിലാദ്യമായി ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ 46 ലക്ഷം കുട്ടികള്‍ ഒന്നിച്ച് സ്‌കൂളുകളിലേക്ക്

കഴിഞ്ഞ വര്‍ഷം പോലെ ഈ വര്‍ഷവും പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തി

തിരുവനന്തപുരം: അവധിക്കാലം കഴിഞ്ഞ് വ്യാഴാഴ്ച സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ചരിത്രത്തിലാദ്യമായി ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ 46 ലക്ഷം കുട്ടികള്‍ ഒന്നിച്ച് സ്‌കൂളുകളിലെത്തും. പതിവു രീതി വിട്ട് ഹയര്‍ സെക്കണ്ടറി പ്രവേശന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചതാണ് ഒരേ ദിവസം തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ ഇടയാക്കിയത്.

കഴിഞ്ഞ വര്‍ഷം പോലെ ഈ വര്‍ഷവും പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തി. രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ അധികമായി എത്തിയത്. ഒന്നാം ക്ലാസിലും മുന്‍വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയതായി പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

സ്‌കൂള്‍ തുറക്കും മുമ്പേ തന്നെ അക്കാദമിക കലണ്ടറും മാസ്റ്റര്‍ പ്ലാനും തയ്യാറായിരുന്നു. ഹയര്‍ സെക്കന്‍ഡറി വരെ 203 അധ്യയന ദിവസവും വിഎച്ച്എസ്ഇയില്‍ 226 പ്രവൃത്തിദിനവുമാണുള്ളത്. സ്‌കൂളുകളിലെ പാഠ്യപദ്ധതിയിലെയും മറ്റും അടിമുടിയുള്ള മാറ്റം കൂടുതല്‍ മികവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസ ഏകീകരണത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ സമരവും ആരംഭിക്കുന്നുണ്ട്. പ്രവേശനോത്സവം ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് യുഡിഎഫ്.

Exit mobile version