വിമാനസര്‍വീസുകളുടെ കാര്യത്തിലും യാത്രക്കാരുടെ എണ്ണത്തിലും കോഴിക്കോടിനെ വെട്ടിച്ച് കണ്ണൂര്‍ വിമാനത്താവളം

കണ്ണൂര്‍: വിമാനസര്‍വീസുകളുടെ കാര്യത്തിലും യാത്രക്കാരുടെ എണ്ണത്തിലും കോഴിക്കോടിനെ വെട്ടിച്ച് കണ്ണൂര്‍ വിമാനത്താവളം. മേയ് മാസത്തില്‍ 86,248 ആഭ്യന്തര യാത്രികരാണ് കണ്ണൂര്‍ വഴി കടന്നുപോയത്. ആഭ്യന്തര സര്‍വീസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 953 ആഭ്യന്തര വിമാന സര്‍വീസുകളാണ് മേയില്‍ കണ്ണൂരില്‍ നിന്ന് ഓപ്പറേറ്റ് ചെയ്തത്.

ആഭ്യന്തര സര്‍വീസുകളുടെ കാര്യത്തില്‍ കഴിഞ്ഞ മാര്‍ച്ചിലും യാത്രക്കാരുടെ എണ്ണത്തില്‍ ഏപ്രിലിലുമായി കണ്ണൂര്‍ കോഴിക്കോടിനെ മറികടന്നിരുന്നു. മാര്‍ച്ചില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 515 സര്‍വീസുകള്‍ നടന്നപ്പോള്‍ കണ്ണൂരില്‍ നിന്ന് 568 സര്‍വീസുകളുണ്ടായി.

ഏപ്രിലില്‍ കോഴിക്കോട് നിന്ന് 599 ആഭ്യന്തര സര്‍വീസുകളുണ്ടായപ്പോള്‍ കണ്ണൂര്‍ വന്‍ വളര്‍ച്ചയോടെ സര്‍വീസുകളുടെ എണ്ണം 854 ആയി ഉയര്‍ത്തിയിരുന്നു. വിമാനത്താവളം യാഥാര്‍ഥ്യമായതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായി മാറി കണ്ണൂര്‍ വിമാനത്താവളം.

Exit mobile version