നാല് മണിക്കൂര്‍ നീണ്ട അടിയന്തിര ശസ്ത്രക്രിയ; യുവാവിന്റെ കണ്ണില്‍ തുളച്ചുകയറിയ കത്തി നീക്കം ചെയ്തു

ആലപ്പുഴ: കുടുംബ വഴക്കിനിടെ യുവാവിന്റെ കണ്ണിലൂടെ തുളച്ചുകയറിയ കത്തി അടിയന്തിര ശസ്ത്രക്രിയയിലൂടെ നീക്കി. തുമ്പോളി മംഗലം തൈപ്പറമ്പ് വീട്ടില്‍ സുജിത്തിന്(32) ആണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്.

സുജിത്തിന്റെ മുഖത്ത് തലയ്ക്കുള്ളിലേക്കു തറച്ചിരുന്ന കത്തി 4 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായി നീക്കം ചെയ്തു. ഇടതു കണ്ണിന്റെ താഴ്ഭാഗത്തുകൂടി ഉള്ളിലേക്കു തറച്ചു തലയോട്ടിക്കുള്ളില്‍ തലച്ചോറിനു സമീപം എത്തിയ നിലയിലായിരുന്നു കത്തി.

ഹൃദയത്തിലേക്കും തലച്ചോറിലേക്കുമുള്ള പ്രധാന രക്തക്കുഴലിന് 1 മില്ലി മീറ്റര്‍ മാത്രം അകലെയായിരുന്നു കത്തി. ഈ രക്തക്കുഴലുകള്‍ മുറിഞ്ഞാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ അവ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്ത് സൈനസ് ഗ്രന്ഥിക്കും തകരാറില്ലെന്ന് ഉറപ്പാക്കിയ ശേഷമാണു കത്തി ഊരിയത്. ന്യൂറോ സര്‍ജറി, ഇഎന്‍ടി, ഒഫ്താല്‍മോളജി, ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗങ്ങളിലെ സര്‍ജന്‍മാര്‍ ചേര്‍ന്നായിരുന്നു ശസ്ത്രക്രിയ.

കാഴ്ചയ്ക്കുള്‍പ്പെടെ തകരാര്‍ സംഭവിച്ചിട്ടില്ലെന്നും അപകടനില തരണം ചെയ്‌തെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ എത്തിച്ച സുജിത്തിനെ വിദഗ്ധ പരിശോധനകള്‍ക്കുശേഷം ഉച്ചയ്ക്ക് 12ന് ആണ് ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയത്. ഡോ.ഹാരോണ്‍ പിള്ള, ഡോ.നജീബ്, ഡോ.മാത്യു ഡൊമിനിക്, ഡോ.മാത്യു ജെയിംസ്, ഡോ.ധാരവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

Exit mobile version