നിപ്പാ ഭീതി; ആരോഗ്യവകുപ്പ് പറവൂര്‍ മേഖലയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കി

പറവൂര്‍: കൊച്ചിയില്‍ നിപ്പാ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. അതേസമയം പറവൂര്‍ മേഖലയില്‍ ആരോഗ്യവകുപ്പ് കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കി. നിലവില്‍ പറവൂര്‍ എവിടെയങ്കിലും പന്നി ഫാമുകളുണ്ടോ എന്നും ഉണ്ടെങ്കില്‍ ഫാമുകളില്‍ അടുത്ത കാലത്തെങ്ങാനും പന്നികള്‍ ചത്തിട്ടുണ്ടോ അവയ്ക്ക് എന്തെങ്കിലും അസുഖങ്ങള്‍ കണ്ടിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഒപ്പം വവ്വാലുകള്‍ കൂട്ടത്തോടെ ചത്തിട്ടുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്.

വരും ദിവസങ്ങളില്‍ വെറ്റിനറി വിദഗ്ദ്ദര്‍ അടക്കമുള്ളവര്‍ മേഖലയില്‍ പരിശോധന നടത്തും. വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്തുക എന്ന ലക്ഷ്യവും മുന്നോട്ടുവെക്കുന്നുണ്ട്.

അതേസമയം നിപ്പാ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ മെച്ചപ്പെട്ട ആരോഗ്യനിലയിലാണ് രോഗി ഉള്ളതെന്നും കടുത്ത പനി കുറഞ്ഞെന്നുമാണ് വിവരം. ഇടവിട്ടുള്ള പനിയാണ് ഇപ്പോഴുള്ളത്. രോഗലക്ഷണങ്ങള്ക്കുള്ള മരുന്നുകളാണ് നല്‍കുന്നത്. ഇവ ഫലപ്രദമാകുന്നു എന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന സൂചന.

Exit mobile version