എറണാകുളത്തെ യുവാവിന് നിപ്പാ തന്നെ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെകെ ഷൈലജ

ഇന്ന് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി യുവാവിന് നിപ്പാ തന്നെയെന്ന് സ്ഥിരീകരിച്ചത്.

കൊച്ചി: എറണാകുളം പറവൂര്‍ സ്വദേശിയായ യുവാവിന് നിപ്പാ തന്നെയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ഇന്ന് രാവിലെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പരിശോധന ഫലത്തില്‍ നിപ്പാ തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ന് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി യുവാവിന് നിപ്പാ തന്നെയെന്ന് സ്ഥിരീകരിച്ചത്.

പറവൂര്‍ സ്വദേശിയായ യുവാവിനാണ് നിപ്പാ ബാധിച്ചുവെന്ന സംശയം ഉടലെടുത്തത്. എന്നാല്‍ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നിന്നും ഇന്നലെ എത്തിയ റിപ്പോര്‍ട്ടില്‍ യുവാവിന് നിപ്പായാണെന്ന് ഫലം എത്തിയിരുന്നു. എന്നാല്‍ പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം കൂടി അറിയുവാന്‍ കാത്തിരിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് നിപ്പാ സ്ഥീരികരിക്കുന്ന റിപ്പോര്‍ട്ട് എത്തിയത്. ഒരാളെ കൂടി ഉടനെ ഐസിയുവിലേയ്ക്ക് മാറ്റുമെന്നും മന്ത്രി പറയുന്നു. മൂന്നു പേര്‍ കൂടി നിരീക്ഷണത്തിലാണ്. ചികിത്സയിലുള്ള യുവാവിന്റെ സുഹൃത്തിനെയാണ് ഐസിയുവിലേയ്ക്ക് മാറ്റുന്നത്.

ഭയക്കേണ്ടതില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഒപ്പം യുവാവിനെ പരിചരിച്ച രണ്ട് നഴ്‌സുമാര്‍ക്കും തൊണ്ട വേദനയും പനിയും തുടങ്ങിയിട്ടുണ്ടെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിപ്പാ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് വിപുലമായ പ്രതിരോധസന്നാഹങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. കളമശ്ശേരി, തൃശ്ശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നു കഴിഞ്ഞു. കൂടാതെ ഇപ്പോള്‍ കൊല്ലത്തും വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. അതീവ ജാഗ്രതയാണ് സര്‍ക്കാരും കൈകൊള്ളുന്നത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടയുള്ള അഞ്ചംഗ വിദഗ്ധ സംഘം കൊച്ചിയിലേക്ക് ഇന്നലെ പുറപ്പെട്ടിരുന്നു. യുവാവിന്റെ സ്വദേശമായ വടക്കന്‍ പറവൂരിലും യുവാവ് പഠിക്കുന്ന തൊടുപുഴയിലും പഠനാവശ്യത്തിന് എത്തിയ തൃശ്ശൂരിലും വേണ്ട മുന്‍കരുതലുകള്‍ എടുത്തുകഴിഞ്ഞു. വിദ്യാര്‍ത്ഥി താമസിച്ച തൊടുപുഴയിലെ കോളേജും നിരീക്ഷണത്തിലാണ്. യുവാവിന് എവിടെ നിന്നാണ് നിപ്പാ ബാധയേറ്റിരിക്കുന്നത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലാതെ തുടരുകയാണ്.

Exit mobile version