വാര്‍ത്ത പിന്‍വലിക്കുമ്പോഴും ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു ഞങ്ങള്‍ പറഞ്ഞത് സത്യമായിരുന്നുവെന്ന്

സങ്കടകരമായ ഒരു സാഹചര്യത്തില്‍ ഞങ്ങളായിരുന്നു ശരി എന്ന് പറയേണ്ടി വന്നതില്‍ വിഷമമുണ്ട്

–എഡിറ്റോറിയല്‍

ഒരു ദിവസം വ്യാജവാര്‍ത്തക്കാരായി നില്‍ക്കേണ്ടി വരികയും ഉറപ്പുള്ള ഒരു വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തിടത്തു നിന്നാണ് ഇതെഴുന്നത്. തൃശൂരില്‍ നിന്ന് എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഞ്ചിനീയറിംഗ് ഇന്റേണിക്ക് നിപ സ്ഥിരീകരിച്ചതായുള്ള വിവരം സ്വകാര്യ ആശുപത്രിയിലെ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നത് ഞായറാഴ്ച അതിരാവിലെയോടെയാണ്. നിപയാണെന്ന് സ്ഥിരീകരിച്ചു കൊണ്ടുള്ള പരിശോധനാ ഫലം തലേന്ന് രാത്രിയോടെ ആശുപത്രിയില്‍ ലഭിച്ചു എന്നാണ് അറിഞ്ഞത്. ഇതിനെത്തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി. അന്വേഷിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെയുള്ളിടത്തെല്ലാം ഇതു സംബന്ധിച്ച വിവരങ്ങളുണ്ട്. ആശുപത്രിയുമായി നേരില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിവരം അവര്‍ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടായപ്പോള്‍ തന്നെ വേണ്ട നടപടികളെല്ലാം സ്വീകരിച്ചു, ഡി എം ഒയെ വിവരം അറിയിച്ചു എന്നാണ്. ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി സാമ്പിള്‍ എടുത്തിട്ടുണ്ടെന്നും പരിശോധനയ്ക്കയച്ചുവെന്നും ഡിഎംഒയുടെ ഭാഗത്തു നിന്ന് നിപയാണെന്ന സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നുമാണ് ആശുപത്രിയില്‍ നിന്ന് ഔദ്യോഗികമായി ലഭിച്ച വിവരം. രാവിലെ തന്നെ ഡിഎംഒയും സംഘവും ആശുപത്രിയിലെത്തി മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തി. രോഗമുള്ളയാളെ അതിനു മുന്‍പു തന്നെ ഐസൊലേറ്റഡ് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ബംഗളൂരുവിലെ പ്രശസ്തമായ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു എന്ന കൃത്യമായ വിവകിട്ടി. ആരോഗ്യവകുപ്പ് എടുത്തു കൊണ്ടുപോയ സാമ്പിള്‍ മണിപ്പാലില്‍ പരിശോധിച്ചതിലും ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതായാണ് അറിഞ്ഞത്. മണിപ്പാലില്‍ നിന്നുള്‍പ്പെടെ പല പരിശോധനകള്‍ക്കും റഫര്‍ ചെയ്യാറുള്ള അത്രയും വിശ്വസനീയതയുള്ള സ്വകാര്യ ലാബാണ് ബംഗളൂരുവിലേതെന്ന വിവരവും കിട്ടി.

ഇങ്ങനെ ഔദ്യോഗികമായും അനൗദ്യോഗികമായും ലഭിച്ച വിവരങ്ങള്‍ വിശദമായി പരിശോധിച്ചും രണ്ടും ചേര്‍ത്തു വെച്ച് താരതമ്യം ചെയ്തും എല്ലാമാണ് നിപ സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവിടാന്‍ തീരുമാനിച്ചത്. വാര്‍ത്ത കൊടുക്കുമ്പോള്‍ അതിന്റെ ഗൗരവത്തെക്കുറിച്ച് പൂര്‍ണ ബോധ്യവുമുണ്ടായിരുന്നു. ഇത്തരം കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മുമ്പിലുള്ള കടമ്പകള്‍ പൂര്‍ണമായി അറിയാം. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന രീതിയില്‍ വാര്‍ത്തകളോ അഭ്യൂഹങ്ങളോ കൊടുക്കുന്നതും ശരിയല്ല. എന്നാല്‍ ജനങ്ങള്‍ ജാഗ്രതയും മുന്‍കരുതലും സ്വീകരിക്കേണ്ട ഘട്ടം മുന്നിലുണ്ടെങ്കില്‍ അത് സംബന്ധിച്ച അറിയിപ്പ് അവര്‍ക്ക് നല്‍കുക തന്നെ വേണം. അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. മാത്രമല്ല ഇത്തരം സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ എത്രയും വേഗം സ്വീകരിക്കാനുള്ള സാഹചര്യമുണ്ടാക്കുന്നതാണ് നല്ലത്. അല്ലാതെ പരിഭ്രാന്തിയുടെ പേരു പറഞ്ഞ് അത് ഒരു ദിവസം നീട്ടിവെക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. അത്രയും നേരം വിവരമറിയാതെ ജനങ്ങള്‍ രോഗം പകരാനിടയുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകട്ടെ എന്ന നിലപാടാണോ സ്വീകരിക്കേണ്ടത്. ഈ വിഷയങ്ങളെല്ലാം പരിശോധിച്ചാണ് വാര്‍ത്ത കൊടുത്തത്. വാര്‍ത്ത കൊടുക്കുമ്പോള്‍ ഞങ്ങള്‍ക്കറിയാമായിരുന്നു ഇത് വലിയ ചര്‍ച്ചയാവുമെന്നും സര്‍ക്കാരിന് ഇതില്‍ പ്രതികരിക്കേണ്ടി വരുമെന്നും. അപ്പോഴും ഞങ്ങളുടെ പ്രതീക്ഷ സര്‍ക്കാര്‍ ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ടു കൊണ്ട് അവര്‍ക്ക് സ്വീകരിക്കാവുന്ന തന്ത്രപരമായ നിലപാടായിരിക്കും സ്വീകരിക്കുക എന്നാണ്. നിപ ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല, പ്രാഥമിക പരിശോധനകളില്‍ സൂചന ലഭിച്ചിട്ടുണ്ട്, ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ല, ജാഗ്രത വേണം തുടങ്ങിയ പ്രതികരണങ്ങളായിരിക്കും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുക എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു.

പക്ഷെ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, നിപ സ്ഥിരീകരിച്ചിട്ടില്ല, പ്രാഥമിക പരിശോധനയിലും സ്ഥിരീകരിച്ചിട്ടില്ല, വാര്‍ത്ത പ്രചരിപ്പിക്കരുത് എന്നായിരുന്നു ആരോഗ്യമന്ത്രിയുടെയും എറണാകുളം ജില്ലാ കലക്ടറുടെയും പ്രതികരണം. മന്ത്രി ഇത് പറയുമ്പോഴും തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതരോട് ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുകയും അതിന് വേണ്ട ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നതിന്റേതടക്കമുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ബംഗളുരുവിലെ ലാബിലെ പരിശോധനാ ഫലം ആശുപത്രിയിലും മന്ത്രിയടക്കമുള്ള സര്‍ക്കാര്‍ പ്രതിനിധികളുടെ കൈവശവും ഒക്കെ ഉണ്ടെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. ഇത് മന്ത്രി പറയുമ്പോഴ നിപ വൈറസിനെക്കാളും അപകടകാരിയാണ് വാര്‍ത്ത എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ വിഷയത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ ഉദ്ദേശിച്ചല്ല ഞങ്ങള്‍ വാര്‍ത്ത നല്‍കിയത്. വിഷയം ഇങ്ങനെയുള്ളതായതു കൊണ്ടു തന്നെ ഒട്ടും സന്തോഷത്തോടെയല്ല ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതും. വാര്‍ത്തയുടെയും വസ്തുതയുടെയും കാര്യത്തില്‍ പിടിവാശികള്‍ക്ക് സ്ഥാനമില്ല എന്നും അറിയാം. എന്തായാലും ഞങ്ങളുടെ വാര്‍ത്തയാണ് രോഗം പടരുന്നതിനേക്കാള്‍ മാരകമെങ്കില്‍ അത് പിന്‍വലിക്കുക എന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. അങ്ങനെയാണ് ശരിയെന്ന് ഉറപ്പുള്ള ഒരു വാര്‍ത്ത സര്‍ക്കാര്‍ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ പിന്‍വലിച്ചത്.

ഞങ്ങളായിരുന്നു ശരി എന്ന് പറയാന്‍ കഴിയുന്നത് സാധാരണയായി ആഹ്ലാദം പകരുന്ന അനുഭവമാണ്. പക്ഷേ ഇപ്പോള്‍ സങ്കടകരമായ ഒരു സാഹചര്യത്തില്‍ ഞങ്ങളായിരുന്നു ശരി എന്ന് പറയേണ്ടി വന്നതില്‍ വിഷമമുണ്ട്. ഇപ്പോഴും ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ല, ജാഗ്രത പാലിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അത് കഴിയാവുന്നത്ര നേരത്തെ ആവുന്നതില്‍ എന്തായിരുന്നു തെറ്റെന്ന്. തിങ്കളാഴ്ച രാവിലെ നല്‍കിയ ജാഗ്രതാ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ഞായറാഴ്ച ഉച്ചയ്ക്ക് നല്‍കിയാല്‍ എന്തായിരുന്നു തെറ്റെന്ന്. അരനേരം കൂടുതല്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്നു എന്ന പേരു പറഞ്ഞ് അത്രയും നേരം അവരെ ജാഗ്രതയില്ലാത്തവരായി മാറ്റി നിര്‍ത്തുന്നതായിരുന്നുവോ ശരിയെന്ന്. ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സാദ്ധ്യതയുണ്ടെന്ന ഒരു വാചകം പറയാന്‍ ഇത്രയും വിഷമമുണ്ടായിരുന്നോ എന്ന്. ഇനി പൂനെ പോലുള്ള പരിശോധനാ കേന്ദ്രങ്ങളില്‍ നിപ സാദ്ധ്യത തള്ളിയാലും മുന്‍കരുതല്‍ എടുത്തതു കൊണ്ട് കുഴപ്പമില്ലല്ലോ. മറിച്ച് മുന്നറിയിപ്പ് ലഭിക്കാത്തതിന്റെ പേരില്‍ രോഗ സാദ്ധ്യതയുള്ള സാഹചര്യങ്ങളില്‍ ഇടപഴകി കൂടുതലാളുകള്‍ക്ക് രോഗ ബാധ ഉണ്ടാവുന്നതാണോ കൂടുതല്‍ സ്വീകാര്യം.

ചോദ്യങ്ങള്‍ ഇനിയുമുണ്ട്. ഒരു നിപ കാലത്തെ അതിജീവിച്ച നമ്മള്‍ക്ക് മുപ്പതാം തീയതി അഡ്മിറ്റ് ചെയ്ത ഒരു രോഗിക്ക് രോഗം സ്ഥിരീകരിക്കാന്‍ മൂന്നാം തീയതി ഉച്ചവരെ കാത്തിരിക്കേണ്ട അവസ്ഥയാണോ എന്ന്. നിപ സംശയം തോന്നിയ ഉടന്‍ നടപടിക്രമങ്ങള്‍ പാലിച്ച് ഡിഎംഒയെ അറിയിച്ചു എന്നും സാമ്പിള്‍ എടുത്ത് അയച്ചു എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. പിന്നെ ഞായറാഴ്ച ഞങ്ങളുടെ വാര്‍ത്ത വന്നതിനു ശേഷം സാമ്പിള്‍ രാവിലെ എടുത്തയച്ചു എന്ന് ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞത് ഏത് സാമ്പിളിനെക്കുറിച്ചാണ്. വാര്‍ത്ത വന്നാല്‍ സാമ്പിളെടുക്കുക എന്നതാണോ ആരോഗ്യവകപ്പ് സ്വീകരിക്കുന്ന നടപടിക്രമം. ഈ അഞ്ചു ദിവസം എന്ത് രോഗത്തിനാണ് ചികിത്സിക്കുക. ഇത് എന്തായാലും ചോദ്യങ്ങളുടെ സമയമല്ല. അതിജീവനത്തിന്റെ സമയമാണ്. ചോദ്യങ്ങള്‍ ഇതിനു ശേഷം മാത്രം. ഇപ്പോള്‍ നമുക്ക് ഒരുമിച്ചു നില്‍ക്കാം. അതിജീവനത്തിന്റെ ഈ കാലത്ത് സര്‍ക്കാരും നമ്മുടെ പൊതു സമൂഹവും ഒരുമിച്ച് എല്ലാ ജാഗ്രതയോടും കൂടി കൈകോര്‍ത്തു നിന്നാല്‍ മറികടക്കാനാവാത്ത ഒരു പ്രതിസന്ധിയുമില്ല. ഒപ്പം ഞങ്ങളുമുണ്ടാവും.

Exit mobile version