ആ ദുരിതം അദ്ദേഹം തന്നെ വരുത്തിവെച്ചതാണ്, ജന്മം കൊണ്ട് മാത്രമല്ല സഹോദരനാകുന്നത്; ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് ശരി, പിന്തുണച്ച് സലിം കുമാര്‍

വീട് ഭാഗം വെച്ചവകയില്‍ ചന്ദ്രന്‍ കുട്ടിക്കും കിട്ടിയിരുന്നു 35 സെന്റ് സ്ഥലം. അതെന്ത് ചെയ്തു? കള്ളുകുടിച്ച് നശിപ്പിച്ചു.

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കടതിണ്ണയില്‍ അവശനിലയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ പറവൂര്‍ നന്ത്യാട്ടുക്കുന്ന് ചുള്ളിക്കാട് ജയചന്ദ്രന്‍ എന്ന ചന്ദ്രന്‍കുട്ടിയെ കണ്ടത്. ആ ദുരിത ജീവിതം ഏവരുടെയും കണ്ണിനെ ഈറനണിയിച്ചിരുന്നു. എന്നാല്‍ ഏറ്റെടുക്കാന്‍ തയ്യാറല്ല എന്ന നിലപാട് വ്യക്തമാക്കി ചുള്ളിക്കാടും രംഗത്തെത്തിയിരുന്നു. ആ നിലപാടില്‍ പലര്‍ക്കും രോഷം ഉയര്‍ന്നിരുന്നു. രക്തബന്ധഡത്തെ പോലും തള്ളികളയുന്നോ എന്ന ചോദ്യമാണ് ഏവരും ഉയര്‍ത്തിയത്.

എന്നാല്‍ ഇപ്പോള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സലിം കുമാര്‍. ചുള്ളിക്കാടിന്റെ സഹോദരന്റെ ദുരിതം നിറഞ്ഞ വാര്‍ദ്ധക്യ ജീവിതം അദ്ദേഹം തന്നെ വരുത്തിവെച്ചതാണെന്ന് സലിം കുമാര്‍ പറയുന്നു. ഈ വിഷയത്തില്‍ താന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി സംസാരിച്ചിരുന്നുവെന്നും താരം പറയുന്നു. ശേഷമാണ് അദ്ദേഹം സഹോദരനെ ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് സലിം കുമാര്‍ തുറന്ന് പറഞ്ഞത്.

‘ജന്മം കൊണ്ട് മാത്രമല്ല ഒരാള്‍ സഹോദരനാകുന്നത്. കര്‍മ്മം കൊണ്ട് കൂടിയാണ്. പണ്ട് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ നക്‌സലാണെന്ന് പറഞ്ഞ് നാട്ടില്‍ നിന്ന് ഓടിച്ചുവിട്ടതില്‍ ഈ ചന്ദ്രന്‍കുട്ടിക്ക് പങ്കുണ്ട്. പിന്നീട് വളരെ കാലങ്ങള്‍ക്ക് ശേഷം അമ്മ മരിച്ചപ്പോഴാണ് ബാലചന്ദ്രന്‍ നാട്ടില്‍ വന്നത്. അന്ന് അദ്ദേഹം ബുദ്ധമതത്തില്‍ ചേര്‍ന്നെന്ന് പറഞ്ഞ് അമ്മയ്ക്ക് ബലിയിടാന്‍ പോലും സമ്മതിക്കാതെ മടക്കി അയച്ചതിന് പിന്നിലും അയാളാണ്. അന്യമതസ്ഥന്‍ അമ്മയുടെ ശരീരത്തില്‍ തൊട്ടാല്‍ പ്രശ്‌നമുണ്ടാക്കണമെന്ന് പറഞ്ഞ് ഒരു സംഘത്തെ അയാള്‍ ചട്ടംകെട്ടി നിര്‍ത്തിയിരുന്നു.

ഇക്കാര്യം ബാലചന്ദ്രനോട് പറഞ്ഞ് അദ്ദേഹത്തെ മടക്കി അയച്ചത് അദ്ദേഹത്തിന്റെ സഹോദരിയാണ്’ സലിം കുമാര്‍ തുറന്ന് പറഞ്ഞു. വീട് ഭാഗം വെച്ചവകയില്‍ ചന്ദ്രന്‍ കുട്ടിക്കും കിട്ടിയിരുന്നു 35 സെന്റ് സ്ഥലം. അതെന്ത് ചെയ്തു? കള്ളുകുടിച്ച് നശിപ്പിച്ചു. ചന്ദ്രന്‍ കുട്ടി അവിവാഹിതനാണ്. പറവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രവീന്ദ്രനെ കൊന്ന കേസിലെ പ്രതി കൂടിയാണ് ഇയാള്‍. ഇവരുടെ കുടുംബം ധനിക കുടുംബമായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാട് മഹാരാജാസ് കോളേജില്‍ പട്ടിണിയും ദാരിദ്ര്യവുമായി തന്റെ ജീവിതം തള്ളി നീക്കിയപ്പോള്‍ ചന്ദ്രന്‍കുട്ടിയൊക്കെ മൂന്ന് നേരം സുഭിക്ഷമായി ഭക്ഷണം കഴിച്ച് ജീവിച്ചിരുന്നവരാണ്. എല്ലാം നശിച്ച് പോയപ്പോള്‍ ഭ്രാന്തായി. അതാണ് സത്യമെന്നും സലിം കുമാര്‍ വെളിപ്പെടുത്തി.

അവസാനം എത്തിച്ചേരേണ്ട സ്ഥലത്തും നിലയിലും തന്നെയാണ് അയാള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഒരു കാലത്ത് ഇയാളെ പറ്റിച്ച് ജീവിച്ചവരാണ് ഇന്ന് അയാള്‍ക്ക് വേണ്ടി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ക്രൂശിക്കുന്നത്. ‘ സലിം കുമാര്‍ പറയുന്നു. തോന്ന്യകാവ് ക്ഷേത്രത്തിന് സമീപത്തെ ഒരു കടത്തിണ്ണയിലാണ് അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടത്. ഉടനെ പോലീസും ജീവകാരുണ്യ പ്രവര്‍ത്തകരും എത്തി ചന്ദ്രന്‍കുട്ടിയെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സന്തോഷ് പോത്താനിയെന്ന വ്യക്തിയാണ് സംഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

Exit mobile version