കെവിനെ ബോധത്തോടെ പുഴയില്‍ മുക്കി കൊല്ലുകയായിരുന്നു; കോടതിയില്‍ മൊഴി നല്‍കി ഫോറന്‍സിക് വിദഗ്ധര്‍

കോട്ടയം: ദുരഭിമാന കൊലയുടെ ഇരയായ കെവിനെ പുഴയില്‍ മുക്കി കൊല്ലുകയായിരുന്നുവെന്ന് ഫോറന്‍സിക് വിദഗ്ധര്‍. വിചാരണ കോടതിയിലാണ് ഫോറന്‍സിക് വിദഗ്ധര്‍ മൊഴി നല്‍കിയത്. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കി.

രണ്ട് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെവിനെ മുക്കിക്കൊന്നത് തന്നെയാണെന്ന് ഫോറന്‍സിക് സംഘം പറയുന്നത്. ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവും, പുഴയിലെ വെള്ളത്തിന്റെ അളവും ചൂണ്ടിക്കാട്ടിയാണ് മൊഴി. ബോധത്തോടെ ഒരാളെ മുക്കിയാല്‍ മാത്രമേ ഇത്രയും വെള്ളം ഒരാളുടെ ശ്വാസകോശത്തില്‍ കയറൂ എന്ന് ഫോറന്‍സിക് സംഘം വിശദീകരിച്ചു.

അരക്കൊപ്പം വെള്ളം മാത്രമേ സ്ഥലത്തുള്ളൂ എന്നും ഇത്രയും വെള്ളത്തില്‍ ബോധത്തോടെ ഒരാള്‍ വീണാല്‍ ഇത്രയും വെള്ളം ശ്വാസകോശത്തില്‍ കയറില്ലെന്നും ഫോറന്‍സിക് സംഘം മൊഴി നല്‍കി.

കഴിഞ്ഞ വര്‍ഷം മെയ് 27-നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാനത്ത് നിന്നും ഷാനുവും സംഘവും തട്ടിക്കൊണ്ട് പോകുന്നത്. ഷാനുവിന്റെ സഹോദരി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു തട്ടിക്കൊണ്ട് പോയത്. പിന്നീട് 28-ന് പുലര്‍ച്ചെ തെന്മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ച കേസില്‍ അതിവേഗ വിചാരണ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്.

Exit mobile version