കെവിന്‍ വധക്കേസ് പ്രതി ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനം; ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്ക്, മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനകൊലയാണ് കെവിന്റേത്. ഇപ്പോള്‍ കെവിന്റെ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റതായുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഹൈക്കോടതിയും ജില്ലാ ജഡ്ജിയും നടത്തിയ അതിവേഗ അന്വേഷണത്തിലാണ് ടിറ്റു ജെറോമിന് മര്‍ദ്ദനമേറ്റതായും, ഗുരുതര പരിക്കേറ്റതായും കണ്ടെത്തിയിരിക്കുന്നത്.

ടിറ്റു ജെറോമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജയിലില്‍ കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന് ടിറ്റു ജറോമിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

ജയിലിലെത്തി മകനെ കാണാന്‍ ശ്രമിച്ചെങ്കിലും ജയില്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് അടിയന്തര പരിശോധനയ്ക്ക് ജില്ലാ ജഡ്ജിയെയും ഡിഎംഒയെയും ഹൈക്കോടതി ചുമതലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍, കോടതി ജയിലധികൃതരെ കര്‍ശനമായി താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ ജഡ്ജി ജയിലിലെത്തി പരിശോധന നടത്തി. ടിറ്റുവിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായും കണ്ടെത്തി. പൂജപ്പുര ജയിലില്‍ കഴിയുന്ന ടിറ്റുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ജില്ലാ ജഡ്ജി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി പ്രതിക്ക് ആശുപത്രിയില്‍ പോലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയില്‍ അധികൃതര്‍ സംരക്ഷണം നല്‍കേണ്ടതില്ലെന്നും കോടതി തുറന്നടിച്ചു. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു കെവിന്‍. 2018 മെയ് 27 ന് ഇരുപത്തിമൂന്നാം വയസ്സിലാണ് നീനുവിന്റെ വീട്ടുകാരാല്‍ കൊല്ലപ്പെട്ടത്.

2018 മെയ് 28 ന് കെവിനെ തെന്‍മലയ്ക്ക് സമീപത്തെ ചാലിയേക്കര പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തലേന്ന് കോട്ടയം മാന്നാനത്തുള്ള വീട്ടില്‍ നിന്ന് കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. അനീഷിനെ വഴിയില്‍ ഇറക്കിവിട്ടശേഷം കെവിനുമായി സംഘം കടന്നു. പിറ്റേന്ന് തെന്‍മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏറെ നാള്‍ നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുത്തത്.

Exit mobile version