മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ല; എസി മൊയ്തീന്‍

തിരുവനന്തപുരം: കൊച്ചി മരടില്‍ തീരദേശ പരിപാല നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനാകില്ലെന്ന് മന്ത്രി എസി മൊയ്തീന്‍. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്, പൊളിക്കാനുള്ള ചിലവ് നഗരസഭയാണ് വഹിക്കെണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും, പൊളിക്കുമ്പോള്‍ വരുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ ചെന്നൈ ഐഐടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി. അനധികൃത നിര്‍മാണങ്ങള്‍ കണ്ടെത്താനുള്ള പരിശോധന തുടരുമെന്നും എസി മൊയ്തീന്‍ പറഞ്ഞു.

ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഫ്‌ളാറ്റുടമകള്‍ക്ക് അനുകൂലമായുള്ള ഹൈക്കോടതി ഉത്തരവിനെതിരേ കേരള തീരദേശ പരിപാലന അഥോറിറ്റി നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.

Exit mobile version