കണ്ണൂര്‍ വിമാനത്താവളത്തില്‍ ശുചീകരണ തൊഴിലാളികള്‍ക്കായി ഒഴിവ് 25; അപേക്ഷിച്ചത് 2000ത്തിലേറെ!

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ശുചീകരണ തൊഴിലിനായി ഉദ്യോഗാര്‍ത്ഥികളുടെ നീണ്ടവരി. ശുചീകരണജോലിക്കു വേണ്ടിയുള്ള അഭിമുഖത്തിന് എത്തിയവരുടെ എണ്ണം കണ്ട് ഞെട്ടിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍ പോലും. 25 പേരുടെ ഒഴി വിലേയ്ക്ക് 2000ത്തോളം പേര്‍ അപേക്ഷകരായി എത്തി. വിമാനത്താവളത്തിലെ ടെര്‍മിനല്‍ സ്റ്റേഷനില്‍ ക്ലീനിങ് വിഭാഗത്തിലേക്കാണ് ഇത്രയേറെ അപേക്ഷകര്‍ എത്തിയത്. ഇന്നലെ രാവിലെ ഇതിനുള്ള ഇന്റര്‍വ്യൂ മട്ടന്നൂരിലെ സ്വകാര്യ ഹോട്ടലിലാണ് നടത്തിയത്. സ്വകാര്യ ഏജന്‍സിയാണ് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് കൈകാര്യം ചെയ്യുക. അവര്‍ക്ക് ആവശ്യമുള്ള ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയാണ്.

പരസ്യം നല്‍കാതെയാണ് ഇന്റര്‍വ്യൂ നടന്നതെങ്കിലും രാവിലെ തന്നെ വലിയ തിരക്ക് അനുഭവപ്പെട്ടു. 35 വയസ്സാണ് പ്രായപരിധി എന്നിരിക്കെ 50 വയസ്സുകാരും ക്യൂ നിന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ മുന്‍കൂട്ടി അറിഞ്ഞതിനാല്‍ ജില്ലയ്ക്കകത്തും പുറത്തുമുള്ള പ്രവര്‍ത്തകരെ ബയോഡേറ്റയുമായി അയച്ചിരുന്നു. നവംബര്‍ 15 മുതല്‍ തൊഴിലാളികള്‍ ടെര്‍മിനല്‍ സ്റ്റേഷനില്‍ ജോലി ചെയ്യേണ്ടതുണ്ട്.

അടുത്ത മാസം വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ 70 പേരെയാണ് ശുചീകരണ വിഭാഗത്തില്‍ ആവശ്യം. ഇതില്‍ പ്രഥമഘട്ടത്തിലെ 25 പേരെയാണ് ഇന്നലെ തിരഞ്ഞെടുത്തത്. കരാര്‍ നിയമനത്തില്‍ ഭൂരിഭാഗവും വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വീതം വച്ചിട്ടുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. തൊഴിലാളി സംഘടനകളാണ് കൈകാര്യം ചെയ്യുന്നത്. ഇതിനകം ജോലിക്കെടുത്തവര്‍ കൊച്ചി വിമാനത്താവളത്തില്‍ പരിശീലനം കഴിഞ്ഞു ജോലിയില്‍ പ്രവേശിക്കാന്‍ തയാറായി.

സെപ്റ്റംബര്‍ രണ്ടാം വാരം 200 ഒഴിവുകളിലേക്ക് നാലായിരത്തോളം അപേക്ഷകര്‍ എത്തിയിരുന്നു. വിമാനത്താവളത്തിനായി കുടിയൊഴിയേണ്ടി വന്ന കുടുംബങ്ങളിലെ ഓരോരുത്തകര്‍ക്കു സംവരണം ചെയ്ത ജോലി നല്‍കുന്ന നടപടി പുരോഗമിക്കുന്നു.

Exit mobile version