ഇത്രയും സുന്ദരനായ ജസ്റ്റിസ് കുര്യനെ നേരത്തെ കണ്ടിരുന്നെങ്കില്‍ നായകനാക്കിയേനെ; ജസ്റ്റിസിനെ ആശ്ലേഷിച്ച് ശാരദ; കൈയ്യടിച്ച് സദസ്

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാള്‍ പുരസ്‌കാര വിതരണ വേദിയെ ഇളക്കി മറിച്ച് നടി ശാരദയും ജസ്റ്റിസ് കുര്യന്‍ ജോസഫും. ഇത്രയും സുന്ദരനായ ജസ്റ്റിസ് കുര്യന്‍ ജോസഫിനെ നേരത്തെ കണ്ടിരുന്നുവെങ്കില്‍ തന്റെ സിനിമയിലെ നായകനാക്കുമായിരുന്നെന്ന നടി ശാരദയുടെ വാക്കുകളാണ് സദസില്‍ ഹര്‍ഷാരവം മുഴക്കിയത്. വേദിയിലുണ്ടായിരുന്ന ജസ്റ്റിസ് കുര്യന്‍ ജോസഫിനും ശാരദയുടെ വാക്കുകള്‍ നന്നേ പിടിച്ചു. ശാരദയുടെ അടുത്ത ചിത്രത്തില്‍ തന്നെ നായകനാക്കുമെന്ന് കരുതുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇത്രയും വലിയൊരു നടിയില്‍ നിന്ന് ലഭിച്ച ആശ്ലേഷത്തെയും വലിയൊരു സംഭവമായിത്തന്നെ സദസ്സിനെ അറിയിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും സമൂഹത്തിന്റെ സമകാലിക മനസ്സിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തു. ശ്രീചിത്തിര തിരുനാള്‍ പുരസ്‌കാര വിതരണ വേദിയിലായിരുന്നു ഔപചാരികതകള്‍ മാറ്റിവച്ചുള്ള രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.

കവിയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാറിന് പുരസ്‌കാരം വിതരണം ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു മുന്‍കാല നടി ശാരദ. കെ ജയകുമാറിന്റെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് താന്‍ ആദ്യം നിര്‍മ്മിച്ച ചിത്രത്തില്‍ പാട്ടെഴുതിയത് കെ ജയകുമാറായിരുന്നുവെന്ന് സൂചിപ്പിക്കുന്നതിനിടെ അവര്‍ ജയകുമാറിനെ കുഞ്ഞുന്നാളില്‍ കണ്ടതും ഓര്‍മ്മിച്ചു. അദ്ദേഹത്തിന്റെ കഴിവിനെയും അവര്‍ പുകഴ്ത്തി.

തുടര്‍ന്ന് ജയകുമാറിന്റെ ഭാര്യയെക്കുറിച്ച് പറയുന്നതിനിടെ അവര്‍ സുന്ദരിയാണെന്നും ശാരദ ചിരിയോടെ കൂട്ടിച്ചേര്‍ത്തു. ഈ സമയം വേദിയിലുണ്ടായിരുന്ന ജയകുമാറിന്റെ സൗന്ദര്യത്തെക്കുറിച്ചും സൂചിപ്പിക്കവേയാണ് ജസ്റ്റിസിനെ നേരത്തെ കണ്ടിരുന്നുവെങ്കില്‍ തന്റെ സിനിമയിലെ നായകനാക്കുമായിരുന്നെന്ന് ശാരദ പറഞ്ഞത്. ഇതോടെ സദസ്സില്‍ നിന്ന് നിര്‍ത്താതെ കൈയ്യടിയുമുയര്‍ന്നു. കാര്യമായ വിദ്യാഭ്യാസമില്ലാതിരുന്നിട്ടും ഇത്രയുംപേര്‍ക്ക് മുന്നില്‍നിന്ന് സംസാരിക്കാന്‍ തന്നെ പ്രാപ്തയാക്കിയത് കലയാണെന്നും ശാരദ കുട്ടികളോടും സദസ്സിലുണ്ടായിരുന്നവരോടുമായി പറഞ്ഞു. സിനിമകളില്‍ എന്നും താന്‍ ദുഃഖപുത്രിയായിരുന്നുവെങ്കിലും ജീവിതത്തില്‍ സന്തോഷവതിയാണെന്നും അവര്‍ സൂചിപ്പിച്ചു.

Exit mobile version