തെരഞ്ഞെടുപ്പില്‍ ബിജെപിയെ കേരള ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷം; അല്ലെങ്കിലും നമ്മുടെ നാട്ടില്‍ ഒന്നും ചെയ്യാന്‍ അവര്‍ക്കാവില്ല, മിടുക്കന്മാരല്ലേ നമ്മള്‍; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി വിനായകന്‍

കേരളത്തില്‍ 19 സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ ഒരിടത്തു മാത്രമാണ് എല്‍ഡിഎഫ് വിജയം നേടിയത്.

കൊച്ചി: അഭിനയ മികവ് കൊണ്ട് മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് വിനായകന്‍. ചെറിയ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ എത്തി ഇന്ന് നിറസാന്നിധ്യമായി നില്‍ക്കുന്ന താരത്തെ ഏവര്‍ക്കും പ്രിയമാണ്. ഇപ്പോള്‍ തന്റെ സ്വന്തം രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് താരം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നുവെന്ന് വിനായകന്‍ പ്രതികരിച്ചത്. എന്നാല്‍ കേരള ജനത ബിജെപിയെ തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറയുന്നു.

‘ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നു, മറ്റുള്ള സ്ഥലങ്ങളില്‍ പല കാരണങ്ങള്‍ ഉണ്ടാകും. പക്ഷേ കേരളത്തില്‍ എന്തു സംഭവിച്ചെന്ന് ജനങ്ങള്‍ ചിന്തിക്കേണ്ടത് നല്ലതാണ്’ വിനായകന്‍ പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ട്, നമ്മുടെ നാട്ടിലൊന്നും ചെയ്യാന്‍ പറ്റില്ല. നമ്മള്‍ മിടുക്കന്മാരല്ലേ. അത് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതല്ലേ’ വിനായകന്‍ ചോദിക്കുന്നു.

‘താന്‍ അള്‍ട്ടിമേറ്റ് രാഷ്ട്രീയക്കാരനാണ്. എന്നാല്‍ എന്റെ പരിപാടി അതല്ല. എന്റെ തൊഴില്‍ അഭിനയമാണ്. പക്ഷെ എന്തിനെക്കുറിച്ചും എനിക്ക് ചോദ്യമുണ്ട്. എന്തിനാണ് താന്‍ ജീവിക്കുന്നത് എന്നതിന് വരെ എനിക്ക് ചോദ്യമുണ്ട്’ വിനായകന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ 19 സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ ഒരിടത്തു മാത്രമാണ് എല്‍ഡിഎഫ് വിജയം നേടിയത്. അതേസമയം ശബരിമല വിഷയം കത്തിച്ചിട്ടും ഒരു അക്കൗണ്ട് തുറക്കാന്‍ പോലും ബിജെപിക്ക് ആയിട്ടില്ല.

Exit mobile version