വിമര്‍ശിച്ചോളൂ, പക്ഷേ കള്ളപ്രചരണം നടത്തരുത്; ശ്രീധരന്‍പിള്ള

പിള്ളയ്ക്ക് നേരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്നും മറ്റും ആവശ്യം ശക്തമാവുകയാണ്.

തിരുവനന്തപുരം: തന്നെ എത്ര വേണമെങ്കിലും വിമര്‍ശിച്ചോളൂ, പക്ഷേ കള്ള പ്രചരണം നടത്തരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തോല്‍ക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം എല്ലാവരും ചേര്‍ന്ന് തന്നെ ക്രൂശിക്കുകയാണെന്നും പിള്ള പറയുന്നു.

ന്യൂനപക്ഷത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഇരുമുന്നണികളും പ്രചരിപ്പിച്ചുവെന്നും കോണ്‍ഗ്രസിന് ആശയമില്ല, ആമാശയം മാത്രമാണുള്ളതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. ‘വിമര്‍ശിച്ചോളൂ പക്ഷേ, കള്ളപ്രചരണം നടത്തരുത്. കോടതിയില്‍ കേസ് കൊടുത്ത് കഴിഞ്ഞു. പോരാടാന്‍ തന്നെയാണ് തീരുമാനം. താന്‍ വര്‍ഗീയത പ്രചരിപ്പിച്ചുവെന്ന് പറഞ്ഞവര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കും’ ശ്രീധരന്‍പിള്ള പറയുന്നു.

ശബരിമല നമ്മുടെ നെഞ്ചിലാണെന്നും നമ്മുടെ ആത്മാവാണെന്നും പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശബരിമലയെ തെരുവിലേക്ക് വലിച്ചിഴക്കാനും വില്‍പനച്ചരക്ക് ആക്കാന്‍ അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം പിള്ളയ്ക്ക് നേരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്നും മറ്റും ആവശ്യം ശക്തമാവുകയാണ്.

Exit mobile version